06 May, 2026 09:07:31 AM
കളിക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ചു; കണ്ണൂരിൽ 13 വയസുകാരന് പരിക്ക്

കണ്ണൂർ: പൊയിലൂരിൽ സ്റ്റീൽ ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്. പൊയിലൂരിൽ വാടകക്ക് താമസിക്കുന്ന ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹദി(13)നാണ് പരിക്കേറ്റത്. സ്റ്റീൽ ബോംബ് എങ്ങനെ കുട്ടിക്ക് ലഭിച്ചു എന്നതിൽ പൊലീസ് അന്വേഷണം തുടങ്ങി. പരിക്കേറ്റ കുട്ടിയെ തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ ഉച്ചയ്ക്ക് 2.230ഓടെയാണ് സംഭവം നടന്നത്.
കുട്ടി കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. കുട്ടിയുടെ ഇടതു കൈ ചിന്നിച്ചിതറിയ നിലയിലായിരുന്നു. കുട്ടിയുടെ രണ്ട് വിരലുകൾ മുറിച്ചുമാറ്റി. സംഭവ സ്ഥലത്ത് കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്ക്വാഡ് പരിശോധന നടത്തിയിരുന്നു. ഫോറൻസിക് സംഘം നാളെ സ്ഥലത്തെത്തി വിദ്ഗധ പരിശോധന നടത്തും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.



