26 April, 2026 01:04:05 PM
ഇന്ത്യൻ ഫോട്ടോ ജേണലിസത്തിൻ്റെ പിതാവ് രഘു റായ് അന്തരിച്ചു

ന്യൂഡൽഹി : പ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ്(83) അന്തരിച്ചു. സമൂഹ മാധ്യമത്തിലൂടെ അദ്ദേഹത്തിന്റെ കുടുംബമാണ് മരണവിവരം പങ്കുവെച്ചത്. ഇന്ത്യൻ ഫോട്ടോഗ്രഫിയിലെയും ഫോട്ടോ ജേണലിസത്തിലെയും അതികായനാണ് രഘു റായ്. ഭോപ്പാൽ ദുരന്തത്തിന്റെ മുഖചിത്രങ്ങളിലൊന്നായ കണ്ണുകൾ പാതി തുറന്ന പിഞ്ചു ബാലന്റെ മൃതദേഹത്തിന്റെ ചിത്രം രഘു റായിയുടെ ക്യാമറ കണ്ണുകളിലൂടെയാണ് ലോകം കണ്ടത്.
ഇന്ധിരാഗന്ധി മുതലുള്ള ഇന്ത്യയുടെ ഭരണാധികാരികളുടെ അത്യപൂർവമായ ചിത്രങ്ങളുടെ ശേഖരം രഘു റായുടെ പക്കലുണ്ട്. മദർ തെരേസയുടെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫറെന്ന പേരും രഘു റായ് നേടി. മദർ തെരേസയെ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് എത്രയോ മുമ്പുതന്നെ 'സെയ്ന്റ് മദർ' എന്ന പേരിൽ പുസ്തകം രഘുറായി പുറത്തിറക്കിയിരുന്നു.
ഗുര്‍മീത് ആണ് രഘു റായിയുടെ ഭാര്യ. ഫോട്ടോഗ്രാഫര്‍ നിതിന്‍ റായ് മകനാണ്. ലഗാന്‍, ആവണി, പൂര്‍വൈ എന്നി പെണ്‍മക്കളും രഘു റായിക്കുണ്ട്. രഘു റായിയുടെ സംസ്‌കാര ചടങ്ങുകള്‍ ഡല്‍ഹി ലോധി മൈതാനത്ത് ഇന്ന് വൈകിട്ട് നാല് മണിക്ക് നടക്കുമെന്ന് മകനും ഫോട്ടോഗ്രാഫറുമായ നിതിന്‍ റായ് അറിയിച്ചു.
ഇന്ത്യന്‍ ഫോട്ടോജേര്‍ണലിസത്തിന്റെ കുലപതിയെന്നാണ് രഘു റായിയെ വിശേഷിപ്പിക്കുന്നത്. ആറു പതിറ്റാണ്ടിലേറെ രാജ്യത്തിന്റെ ആത്മാവ് പകര്‍ത്തിയ നിരവധി ചിത്രങ്ങളാണ് രഘുറായ് തന്റെ കാമറയിലൂടെ ഒപ്പിയെടുത്ത് ലോകത്തിന് മുന്നില്‍ വെച്ചത്.



