06 April, 2026 02:39:11 PM


എൽഡിഎഫോ യുഡിഎഫോ അധികാരത്തിലെത്തിയാൽ ലൗ ജിഹാദ് നടപ്പാക്കും; വിവാദ പ്രസം​ഗവുമായി പി കെ കൃഷ്ണദാസ്



തിരുവനന്തപുരം: വിവാദ പ്രസം​ഗവുമായി ബിജെപി നേതാവും കാട്ടാക്കടയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ പി കെ കൃഷ്ണദാസ്. എൽഡിഎഫോ യുഡിഎഫോ അധികാരത്തിലെത്തിയാൽ ലൗ ജിഹാദ് നടപ്പാക്കുമെന്നാണ് കൃഷ്ണദാസ് പറഞ്ഞത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത കാട്ടാക്കടയിലെ പൊതുസമ്മേളനത്തിലായിരുന്നു കൃഷ്ണദാസിന്റെ വിവാദപ്രസംഗം.

മാർക്‌സിസ്റ്റ് പാർട്ടിയും കോൺഗ്രസും നേതൃത്വത്തിലുള്ള മുന്നണികൾ അധികാരത്തിൽ വന്നാൽ ആരാണ് ആ സർക്കാരിനെ നിയന്ത്രിക്കുക? ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയേയും പോലുള്ള പാകിസ്ഥാൻ അനുകൂല ദേശവിരുദ്ധ സംഘടനകളായിരിക്കും. അതുകൊണ്ട് എന്താണ് ഉണ്ടാകാൻ പോകുന്നത്. ഹിന്ദു, ക്രൈസ്തവ പെൺകുട്ടികളെ പ്രണയം നടിച്ച് ലൗജിഹാദിന്റെ പേരിൽ രാജ്യദ്രോഹ പ്രവർത്തനത്തിന് റിക്രൂട്ട് ചെയ്യിപ്പിക്കുകയാകും കേരളത്തിൽ നടക്കാൻ പോകുന്നത്.

കൈപ്പത്തിയിൽ വോട്ടുചെയ്താലും അരിവാൾചുറ്റിക നക്ഷത്രത്തിൽ വോട്ടുചെയ്താലും ഹിന്ദു, ക്രൈസ്തവ ഭവനങ്ങളിലെ പെൺകുട്ടികളെ പ്രണയം നടിച്ച് രാജ്യദ്രോഹ പ്രവർത്തനത്തിന് റിക്രൂട്ട് ചെയ്യുന്ന പ്രവർത്തനമായിരിക്കും നടക്കുക. ഇതിന് അനുവദിക്കണമോ എന്ന് കേരളത്തിലെ വോട്ടർമാർ ചിന്തിക്കണം. അപകടകരമായ സാഹചര്യം കേരളത്തിൽ വരാൻ പോവുകയാണ്. ഒരുഭാഗത്ത് ജമാഅത്തെ ഇസ്ലാമി, മറുഭാഗത്ത് എസ്ഡിപിഐ. ഇത് രണ്ടും രാജ്യദ്രോഹ, പാക് അനുകൂല സംഘടനകളാണ്. ഈ രണ്ട് സംഘടനകളുമായിട്ടാണ് കോൺഗ്രസും മാർക്‌സിസ്റ്റ് പാർട്ടിയും സഖ്യവും സഹകരണവും ഉണ്ടാക്കിയത്. പി.കെ. കൃഷ്ണദാസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 914