04 March, 2026 07:07:18 PM


ജലഗുണനിലവാരം അറിയാന്‍ തൃത്താലയിൽ ആറ് ലാബുകള്‍ സജ്ജമാകുന്നു



പാലക്കാട്: തൃത്താല മണ്ഡലത്തിലെ ആറ് ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ ജല ഗുണ നിലവാര പരിശോധന ലാബുകള്‍ യാഥാര്‍ഥ്യമാകുന്നു. കിണറുകളുള്‍പ്പെടെയുള്ള പ്രാദേശിക ജലസ്രോതസുകളുടെ ഗുണ നിലവാരം ഉറപ്പു വരുത്തുന്നതിന് ഓരോ വീടുകളിലും സേവനം വാതില്‍പ്പടികളിലെത്തിക്കുക എന്ന ഉദ്ദേശത്തോടെ മന്ത്രി എം ബി രാജേഷിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 24 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഒരു വിദ്യാലയത്തിന് നാല് ലക്ഷം രൂപ വീതമാണ് വിനിയോഗിക്കുന്നത്.ഗവ.ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളായ കുമരനെല്ലൂര്‍, ആനക്കര ,മേഴത്തൂര്‍, കല്ലടത്തൂര്‍, ചാലിശ്ശേരി, ചാത്തന്നൂര്‍ എന്നീ വിദ്യലയങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ കെമിസ്ട്രി ലാബുകള്‍ പ്രയോജനപ്പെടുത്തി ഹരിതകേരളം മിഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ശുദ്ധവും ഗുണനിലവാരമുള്ള ജലം ഉപയോഗിക്കുക വഴി ജലജന്യരോഗങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.  കെമിസ്ട്രി അധ്യാപകരുടെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ഥികളാണ് പരിശോധന നടത്തുക.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 298