14 February, 2026 06:59:11 PM
കൊച്ചിയിൽ ജ്വല്ലറി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി അജ്ഞാതന്‍ ജീവനൊടുക്കി

എറണാകുളം: കൊച്ചി നഗരത്തിലെ തിരക്കേറിയ ജ്വല്ലറി കെട്ടിടത്തിന് മുകളിൽനിന്ന് വീണ് അജ്ഞാതൻ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുന്ന ആളാണ് മരിച്ചത്. ജ്വല്ലറി പ്രവർത്തിക്കുന്ന ബഹുനില കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് ഇയാൾ താഴേക്ക് ചാടുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ജ്വല്ലറിക്ക് മുന്നിൽ വലിയ ശബ്ദത്തോടെ ഒരാൾ വീഴുന്നത് കണ്ട ജീവനക്കാരും നാട്ടുകാരുമാണ് വിവരം പോലീസിനെ അറിയിച്ചത്. വീണ ഉടനെ തന്നെ ഇയാൾ മരിച്ചിരുന്നു. മൃതദേഹം കണ്ടെത്തുമ്പോൾ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. ഇയാൾ ഉടുത്തിരുന്ന മുണ്ട് കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് പോലീസ് കണ്ടെടുത്തു.
മരിച്ചയാൾ കെട്ടിടത്തിന്റെ ആറാം നില വരെ കയറിപ്പോയതായി സംശയിക്കുന്നു. എന്നാൽ ആറാം നിലയിൽ പുറത്തേക്ക് തുറന്ന ഭാഗങ്ങൾ ഇല്ലാത്തതിനാൽ, ഇയാൾ മൂന്നാം നിലയിലേക്ക് ഇറങ്ങിവന്ന് അവിടെനിന്ന് ചാടുകയായിരുന്നു എന്നാണ് പോലീസ് കരുതുന്നത്. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ എറണാകുളം സെൻട്രൽ പോലീസ് ഊർജ്ജിതമാക്കി. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.




