13 February, 2026 01:16:26 PM
92ലും തളരാതെ വളയം പിടിച്ച പറളിയുടെ സ്വന്തം കൃഷ്ണേട്ടൻ ഇനി ഓർമയിൽ
-പി.എം. മുകുന്ദൻ

പാലക്കാട്: നാട്ടുകാരുടെ പ്രിയപ്പെട്ട ടാക്സി ഡ്രൈവർ പറളിയുടെ സ്വന്തം കൃഷ്ണൻ ഇനി ഓർമകളിൽ മാത്രം. 92 പിന്നിട്ട കൃഷ്ണൻ വാർധക്യസഹജമായ അസുഖത്തെ തുടർന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണു മരണം. 93-ാം വയസ്സിലും മൂന്നു മാസം മുൻപു വരെ കൃഷ്ണൻ തന്റെ അംബാസഡർ കാറുമായി ചന്തപ്പുരയിലെത്തിയിരുന്നു.
പറളിയിൽ നിന്നു പ്രാഥമികവിദ്യാഭ്യാസം കഴിഞ്ഞ് തമിഴ്‌നാട്ടിൽ എത്തിയ കൃഷ്ണൻ അവിടെ ജോലിയെടുത്ത് പതിനെട്ടാമത്തെ വയസ്സിൽ ഡ്രൈവിങ് പഠിച്ചുതുടങ്ങി. 1955ൽ കോയമ്പത്തൂരിൽ നിന്നു ലൈസൻസ് നേടി. നീലഗിരി ഭാഗത്ത് സ്വകാര്യ കമ്പനിയുടെ ഡ്രൈവറായി ജോലിചെയ്തിരുന്നു. 30-ാം വയസ്സിൽ നാട്ടിലെത്തിയ കൃഷ്ണനു സ്വന്തം ടാക്സിയായി. ഹിന്ദുസ്‌ഥാൻ കമ്പനിയുടെ അംബാസഡർ കാറായിരുന്നു ആദ്യം. അതിനു ശേഷം നാലുതവണ കാർ മാറ്റി. അഞ്ചാമത്തെ അംബാസഡർ കാറാണ് ഇപ്പോഴുള്ളത്.
63 വർഷത്തോളം ടാക്സി ഡ്രൈവറായിരുന്ന കൃഷ്ണന് ഒരു പിഴ പോലും അടയ്ക്കേണ്ടി വന്നിട്ടില്ല. വാഹനം ഓടിക്കുന്ന കാര്യത്തിലും ടാക്സ്, ഇൻഷുറൻസ് തുടങ്ങിയവ അടയ്ക്കുന്ന കാര്യത്തിലുമൊക്കെ എല്ലാം കൃത്യമായിരുന്നു. 63 വർഷത്തെ സർവീസിനിടയിൽ ഒരിക്കൽ പോലും അപകടവും സംഭവിച്ചിട്ടില്ല. ഏത് അർധരാത്രിയിലും വിളിച്ചാൽ കൃഷ്ണൻ ഓടിയെത്തുമായിരുന്നു. ആശുപത്രി കേസായിരിക്കും അധികവും. വാടകയുടെ കാര്യത്തിൽ വലിയ വിട്ടുവീഴ്ചയാണു നാട്ടു കാർക്കുവേണ്ടി ചെയ്തിരുന്നത്.
പറളി ചന്തപ്പുരയായിരുന്നു ആദ്യം മുതൽക്കുള്ള കൃഷ്ണന്റെ ടാക്സി സ്റ്റാൻഡ്. വാടകവീട്ടിൽ താമസിക്കുന്ന കൃഷ്ണൻ അവസാന നാളുകളിൽ വീട്ടിൽ നിന്ന് അര കിലോമീറ്ററോളം അകലെയുള്ള ചന്തപ്പുരയിലേക്കു കാറുമായി എത്തി സുഹൃത്തുക്കളുമായി സൗഹൃദം പങ്കിടുക പതിവായിരുന്നു. അവസാന കാലത്ത് നടക്കാൻ പ്രയാസപ്പെട്ടെങ്കിലും കാർ ഓടിക്കുമായിരുന്നു. സംസ്കാരം നടത്തി.



