21 July, 2026 08:37:16 PM
ജനറൽ ടിക്കറ്റുമായി റിസർവേഷൻ കോച്ചിൽ; ചോദ്യം ചെയ്ത ടിടിഇക്ക് യുവതിയുടെ മര്‍ദനം

പാലക്കാട്: മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസിൽ ടിടിഇയെ യാത്രക്കാരി മർദിച്ചതായി പരാതി. പാലക്കാട് ഡിവിഷനിലെ ഷോർണൂർ ടീമിലെ ടിക്കറ്റ് പരിശോധകൻ എസ് സുജിത്താണ് യാത്രക്കാരിയായ പട്ടിത്തറ സ്വദേശിനി ശ്രുതിക്കെതിരെ പരാതി നൽകിയത്. തിങ്കളാഴ്ച രാത്രി 7 മണിയോടുകൂടി ഫറൂക്കിൽ വെച്ചാണ് സംഭവം.
തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ട്രെയിനിൽ യാത്ര ചെയ്യാൻ ഫറൂക്കിൽ നിന്ന് കുറ്റിപ്പുറത്തേക്ക് ജനറൽ കമ്പാർട്ട്മെന്റ് ടിക്കറ്റ് എടുത്ത യുവതി റിസർവേഷൻ കോച്ചിൽ കയറിയിരിക്കുകയായിരുന്നു. ജനറൽ കോച്ചിലേക്ക് മാറിയിരിക്കണമെന്നും നിർദ്ദേശിച്ചെങ്കിലും യുവതി തർക്കിക്കുകയായിരുന്നു. പിന്നാലെ മര്‍ദിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
ജോലി തടസ്സപ്പെടുത്തി എന്നും മുഖത്ത് ആക്രമിച്ച് പരിക്കേൽപ്പിച്ചുവെന്നും അപമര്യാതയായി പെരുമാറി എന്നും കാണിച്ചാണ് ടിടിഇ പരാതി നൽകിയത്. അതേസമയം ടിക്കറ്റ് പരിശോധകൻ തന്നെ അസഭ്യം വിളിച്ചെന്നും മർദിച്ചൊന്നും കാണിച്ച് ശ്രുതിയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ടിക്കറ്റ് ചോദിച്ചതിനു ശേഷം അസഭ്യം വിളിച്ചെന്നും ആക്രമിക്കാൻ വന്നപ്പോൾ സ്വയം രക്ഷയ്ക്ക് വേണ്ടിയാണ് മുഖത്ത് പിടിച്ച് തള്ളിയത് എന്നുമാണ് യുവതി പോലീസിനോട് പറഞ്ഞത്. ഇരുവർക്കുമെതിരെ ഷൊർണൂർ റെയിൽവേ പോലീസ് കേസെടുത്. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. സുജിത്തിന്റെ മുഖത്തും കഴുത്തിലും മുറിവേറ്റിട്ടുണ്ട്.


