09 February, 2026 12:59:13 PM


മദ്യപിക്കുന്നതിനിടെ തർക്കം; മൂവാറ്റുപുഴയിൽ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു



മൂവാറ്റുപുഴ: മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിൽ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു. പ്ലൈവുഡ് കമ്പനി തൊഴിലാളിയായ ഒഡീഷ സ്വദേശി രാകേഷ് ബെഹ്റ ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവം. രാകേഷിനൊപ്പം താമസിച്ചിരുന്ന ഒഡീഷ സ്വദേശി ശരത് മാരൻ എന്നയാളെ മൂവാറ്റുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരായ ഇരുവരും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്.

അവധി ദിവസമായതിനാൽ ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും തുടർന്ന് തർക്കമുണ്ടാകുകയുമായിരുന്നു. തർക്കം രൂക്ഷമായതോടെ ശരത് മാരൻ തന്റെ കൈവശമുണ്ടായിരുന്ന കത്തികൊണ്ട് രാകേഷിന്റെ നെഞ്ചിൽ കുത്തി. രാകേഷിന്റെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ ആശുപത്രിയിലേക്ക് എത്തിക്കുമുൻപ് രാകേഷ് മരണപ്പെട്ടു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ശരത്തിനെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയെ തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിക്കും.  രാകേഷിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റിയിരിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 927