13 September, 2025 11:51:35 AM


തൃശ്ശൂരില്‍ സ്വർണാഭരണം വാങ്ങാൻ കടയിലെത്തി മാല കഴുത്തിലിട്ട് പുറത്തേക്കോടിയ രണ്ട് യുവാക്കൾ പിടിയില്‍



തൃശ്ശൂർ : സ്വർണാഭരണം വാങ്ങാനെന്ന വ്യാജേനയെത്തി മൂന്ന് പവൻ്റെ ആഭരണം തട്ടിയെടുത്ത കേസിൽ രണ്ട് യുവാക്കളെ കോടതി റിമാൻഡ് ചെയ്തു.വേലൂരിലെ ജൂവലറിയിൽ നിന്നാണ് പ്രതികൾ മോഷണം നടത്തിയത്. വെള്ളറക്കാട് മനപ്പടി പടിഞ്ഞാറേ കാരത്തൊടി രാഹുൽ(31) നെല്ലുവായ് തത്രിയാട്ട് മാധവ്(21) എന്നിവരാണ് റിമാൻഡിലായത്.

സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോയുടെ കീഴിലുള്ള സാ​ഗോക്ക് സംഘവും എരുമപ്പെട്ടി പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ മാസം 28 ന് വൈകീട്ട് പ്രതികളിലൊരാൾ ജൂവലറിയിലേക്ക് മാല വാങ്ങാനെന്ന വ്യാജേന എത്തി സ്വർണമാലയെടുത്ത് കഴുത്തിലണിഞ്ഞ് പുറത്തേക്കോടി സ്കൂട്ടറുമായി റോഡിൽ കാത്തുനിൽക്കുകയായിരുന്ന മറ്റൊരു പ്രതിയുമായി സ്ഥലം വിടുകയായിരുന്നു. പ്രദേശത്തെ സിസിടിവി പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സ്കൂട്ടറിൻ്റെ നമ്പർ പ്ലേറ്റിലും പ്രതികൾ കൃത്രിമം നടത്തിയതായി പൊലീസ് കണ്ടെത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 956