19 December, 2025 05:24:33 PM


തൃശൂരിൽ വിദ്യാര്‍ഥികളെ ട്രാവലര്‍ ഇടിച്ചു തെറിപ്പിച്ചു; ഒരാളുടെ നില ഗുരുതരം



തൃശൂര്‍: ചേലക്കര എളനാട് റോഡില്‍ സഹോദരങ്ങളായ വിദ്യാര്‍ത്ഥികളെ ട്രാവലര്‍ ഇടിച്ചുതെറിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ ചാക്കപ്പന്‍പടി ബസ് സ്റ്റോപ്പിന് സമീപമായിരുന്നു സംഭവം. അപകടത്തില്‍ ചേലക്കര എസ്എംടി സ്‌കൂളിലെ ഏഴ്, എട്ട് ക്ലാസ് വിദ്യാര്‍ത്ഥികളായ മുഹമ്മദ് സിനാന്‍ (13), മുഹമ്മദ് ബഷീഷ് (12) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പരീക്ഷയ്ക്കായി പോകാന്‍ വീട്ടില്‍ നിന്നിറങ്ങിയ കുട്ടികള്‍ റോഡ് മുറിച്ചുകടന്ന് ബസ് കയറാന്‍ ശ്രമിക്കുന്നതിനിടെ ചേലക്കരയില്‍ നിന്നും എളനാട് ഭാഗത്തേക്ക് അമിതവേഗതയില്‍ വന്ന ട്രാവലര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ നാട്ടുകാര്‍ ചേര്‍ന്ന് കുട്ടികളെ ഉടന്‍തന്നെ ചേലക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അന്തിമഹാകാളന്‍കാവ് റോഡില്‍ താമസിക്കുന്ന കുന്നത്ത് വീട്ടില്‍ അലി -ഹാജിറ ദമ്പതികളുടെ മക്കളാണ് അപകടത്തില്‍പ്പെട്ടത്. സംഭവസ്ഥലത്തെത്തിയ ചേലക്കര പൊലീസ് അപകടമുണ്ടാക്കിയ ട്രാവലര്‍ കസ്റ്റഡിയിലെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 930