12 September, 2025 12:45:25 PM


കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന ബസിൽ പുക; പിന്നാലെ ഗ്ലാസ് പൊളിച്ച് പുറത്തു ചാടിയ ഒരാൾക്ക് പരിക്ക്



കുന്നംകുളം: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തി. ബസിന് തീപിടിക്കുകയാണെന്ന് ഭയന്ന് ബസ്സിൽ നിന്ന് ഗ്ലാസ് പൊളിച്ച് പുറത്തേക്ക് ചാടിയ ഒരു യാത്രക്കാരന്  പരിക്കേറ്റു. ഇന്ന് രാവിലെ 8.30 യോടെയായിരുന്നു സംഭവം. ബസ്സിന്റെ ഡീസൽ പൈപ്പ് പൊട്ടിയതിനെ തുടർന്നാണ് വാഹനത്തിൽ നിന്നും പുക ഉയർന്നത്. കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന ബ്ലൂ ഡയമണ്ട് ബസ്സ് പാറേമ്പാടത്ത് എത്തിയപ്പോൾ  ആയിരുന്നു സംഭവം.

തുടർന്ന് ജീവനക്കാർ ബസ്സ് നിർത്തി യാത്രക്കാരെയെല്ലാം അതിവേഗം പുറത്തിറക്കിയ ശേഷം കുന്നംകുളം അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. അഗ്നിരക്ഷാസേന അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ബെന്നി മാത്യു, സീനിയർ ഓഫീസർ രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തി പുക ഉയരാൻ ഇടയാക്കിയ ബസ്സിന്റെ ഡീസൽ പൈപ്പിന്റെ തകരാറ് താൽക്കാലികമായി പരിഹരിച്ചു. കുന്നംകുളം പൊലീസും സ്ഥലത്തെത്തിയിരുന്നു. സംഭവത്തെത്തുടർന്ന് ഏറെനേരം മേഖലയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 927