10 September, 2025 12:19:49 PM
ബസിൽ യുവതിയുടെ മുടി പിടിച്ചുവലിച്ചു, ഉപദ്രവം; ചോദ്യം ചെയ്ത കണ്ടക്ടറോടും അക്രമം, 56-കാരൻ അറസ്റ്റിൽ

തൃശ്ശൂര്‍: ബസിനുള്ളില്‍ യുവതിയോട് അപമര്യാദയായി പെരുമാറുകയും ഇതു ചോദ്യംചെയ്ത കണ്ടക്ടറെ ആക്രമിച്ച് ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. ആലുവയില്‍ നിന്ന് ചാലക്കുടിയിലേക്ക് യാത്രക്കാരുമായി വന്ന കെഎസ്ആര്‍ടിസി ബസിനുള്ളിലാണ് സംഭവം. നെന്മണിക്കര ചിറ്റിശ്ശേരി സ്വദേശി കുറുപ്പുവളപ്പില്‍ കൃഷ്ണന്‍കുട്ടി(56)യെ ചാലക്കുടി എസ്എച്ച്ഒ എം.കെ. സജീവാണ് അറസ്റ്റു ചെയ്തത്.
ബസ് ചാലക്കുടി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനു സമീപമെത്തിയപ്പോള്‍ പ്രതി ബസില്‍ മുന്നിലെ സീറ്റിലിരുന്ന യുവതിയുടെ മുടിയില്‍ പിടിച്ചുവലിച്ചും മറ്റും ഉപദ്രവിക്കുകയായിരുന്നു. സംഭവത്തില്‍ യുവതി പോലീസിൽ പരാതിപ്പെട്ടു. തുടര്‍ന്ന് ബസ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലേക്ക് കൊണ്ടുപോയി. സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയിലേക്ക് കൃഷ്ണന്‍കുട്ടിയെ വിളിപ്പിച്ചു, ഇതിനിടയിലാണ് കണ്ടക്ടറെ ആക്രമിച്ചത്. ഈ സംഭവങ്ങളില്‍ ചാലക്കുടി പോലീസ് സ്റ്റേഷനില്‍ രണ്ടുകേസുകള്‍ രജിസ്റ്റര്‍ ചെയ്തു. യുവതിയെ ഉപദ്രവിച്ചതിനും ബസ് കണ്ടക്ടറുടെ ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനുമാണ് കേസുകള്‍.