06 August, 2025 01:51:35 PM
തൃശൂരിൽ സ്‌കൂൾ ഓഡിറ്റോറിയത്തിന്റെ സീലിങ് തകർന്നുവീണു

തൃശൂര്‍: തൃശൂര്‍ കോടാലിയിലെ യുപി സ്‌കൂളില്‍ സീലിങ് തകര്‍ന്നുവീണു. കുട്ടികള്‍ അസംബ്ലി കൂടുന്ന ഓഡിറ്റോറിയത്തിന്റെ സീലിങ് ആണ് തകര്‍ന്നത്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടര്‍ ഇന്ന് തൃശൂര്‍ ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. 54 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് 2023ല്‍ ചെയ്ത സീലിങ് ആണ് തകര്‍ന്നുവീണത്. ഷീറ്റിനടിയിലെ ജിപ്‌സം ബോര്‍ഡാണ് തകര്‍ന്ന് വീണത്. ഓഡിറ്റോറിയത്തിലുണ്ടായിരുന്ന ഫാനുകളും വീണു.
അശാസ്ത്രീയമായ നിലയിലാണ് കെട്ടിടം പണിതിരിക്കുന്നതെന്ന് നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. രണ്ട് മാസം മുമ്പ് മഴ പെയ്ത് സീലിങ് കുതിര്‍ന്നപ്പോഴും പരാതിപ്പെട്ടിരുന്നു. വാര്‍ഡ് മെമ്പറും പഞ്ചായത്ത് അധികാരികളും സ്ഥലത്തെത്തി പരിശോധന നടത്തി. സുരക്ഷാ പരിശോധന ഇടയ്ക്കിടെ നടത്താറുണ്ടെന്ന് അധ്യാപകര്‍ പറയുന്നു.