05 August, 2025 06:46:28 PM
തൃശൂരിൽ കനത്ത മഴയ്ക്കിടെ റോഡ് ടാറിംഗ്; പ്രതിഷേധവുമായി നാട്ടുകാർ
പി.എം.മുകുന്ദൻ

തൃശൂർ : കോർപ്പറേഷൻ പരിധിയിലുള്ള മാരാർ റോഡിൽ കനത്ത മഴയ്ക്കിടെ ടാറിംഗ് ജോലികൾ നടത്തിയത് വിവാദമായി. ജില്ലയിൽ ഇന്ന് റെഡ് അലർട്ടാണ്. നാട്ടുകാരെത്തി ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതോടെ ടാറിടൽ നിർത്തിവയ്ക്കാൻ മേയർ എംകെ വർഗീസ് നിർദേശം നൽകി.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം നല്ല വെയിലായിരുന്നിട്ടും ടാറിടാൻ ആരുമെത്തിയിരുന്നില്ല. ഇന്ന് പെരുമഴ തുടരുന്നതിനിടെയാണ് ടാറിടാനെത്തിയത്. നാട്ടുകാർ തൊഴിലാളികളോട് ദേഷ്യത്തിൽ സംസാരിക്കുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ വർഷം ഉണ്ടായതിൽ വച്ച് ഏറ്റവും ശക്തമായ മഴയാണ് ഇന്നുണ്ടായത്. റോഡിലൂടെ വെളളം കുത്തിയൊലിക്കുന്നതിനിടെയാണ് ടാറിടുന്നത്. തൃശൂർ കോർപ്പറേഷനെതിരെ ശക്തമായ ഭാഷയിലാണ് നാട്ടുകാർ പ്രതികരിച്ചത്.