24 July, 2025 11:00:25 AM


അച്ഛൻ മരിച്ചതറിഞ്ഞ് മകൻ വീട് പൂട്ടിപ്പോയി; മൃതദേഹം കിടത്തിയത് വീട്ടുമുറ്റത്ത്



തൃശൂര്‍: അനാഥാലയത്തില്‍ വച്ച് മരിച്ച പിതാവിന്റെ മൃതദേഹം കാണാന്‍ പോലും തയ്യാറാകാതെ വീടും പുട്ടി മുങ്ങി മകനും മരുമകളും. പൂട്ടിയ വീടിന്റെ മുറ്റത്ത് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് വയോധികന്റെ അന്ത്യയാത്രാ കര്‍മ്മങ്ങള്‍ നടത്തി. തൃശൂര്‍ അരിമ്പൂരിലാണ് സംഭവം. അരിമ്പൂര്‍ കൈപ്പിള്ളി റിങ്ങ് റോഡില്‍ തോമസിനാണ് (78) അന്ത്യയാത്രയിലും മക്കളുടെ അവഗണന നേരിട്ടത്.

ബുധനാഴ്ച രാവിലെയായിരുന്നു തോമസ് മണലൂരിലെ അഗതി മന്ദിരത്തിലെ അന്തേവാസിയായ തോമസ് മരിച്ചത്. എന്നാല്‍ വിവരമറിഞ്ഞ മകനും മരുകളും വീട് പൂട്ടിപോവുകയായിരുന്നു. ഇവര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. ഇതോടെ വീട്ടിലെത്തിച്ച മൃതദേഹം അകത്ത് കയറ്റാനാകാതെ പുറത്ത് കിടത്തേണ്ടിവരികയായിരുന്നു. മറ്റൊരു അഗതി മന്ദിരത്തില്‍ കഴിഞ്ഞിരുന്ന തോമസിന്റെ ഭാര്യ റോസിലിയും ബന്ധുക്കളും ഏറെ നേരം മകനായി മൃതദേഹവുമായി കാത്തിരിക്കുകയും ചെയ്തു. 

തുടര്‍ന്ന് വീടിന് പുറത്ത് കിടത്തി ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് അന്ത്യയാത്രാ കര്‍മ്മങ്ങള്‍ നടത്തി. വൈകീട്ട് എറവ് സെന്റ് തെരേസാസ് പള്ളിയില്‍ തോമസിന്റെ മൃതദേഹം സംസ്‌കരിച്ചു. പിതാവിന്റെ അന്ത്യയാത്രാ ചടങ്ങുകളില്‍ പങ്കെടുക്കാതെ മകന്‍ മാറിനില്‍ക്കുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു.

മകനും മരുമകളും മര്‍ദിക്കുന്നതായി ആരോപിച്ച് തോമസ്, ഭാര്യ റോസിലി എന്നിവര്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ഇവരെ മണലൂരിലെ അഗതി മന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു. ഇതിന് ശേഷം മാസങ്ങളായി തോമസും റോസിലിയും മണലൂരിലെ വ്യത്യസ്ത അഗതി മന്ദിരത്തില്‍ താമസിച്ച് വരികയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K