21 July, 2025 09:10:25 AM


ടച്ചിങ്‌സിനെ ചൊല്ലി തര്‍ക്കം; തൃശൂരില്‍ ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു



തൃശൂർ: മദ്യപിക്കുന്നതിനിടെ കുടുതൽ ടച്ചിങ്സ് കൊടുക്കാത്തതിന് പേരിൽ ബാർ ജീവനക്കാരനെ കുത്തിക്കൊന്നു. ഇന്നലെ രാത്രി 11.30 ഓടെ തൃശൂർ പുതുക്കാട് മേ ഫെയർ ബാറിലാണ് സംഭവം. എരുമപ്പെട്ടി നെല്ലുവായ് സ്വദേശി ഹേമചന്ദ്രന്‍ ആണ് മരിച്ചത്. സംഭവത്തിൽ അളകപ്പ നഗർ സ്വദേശി സിജോ ജോണിനെ പോലീസ് അറസ്റ്റ് ചെയ്തു.

പോലീസ് പറയുന്നതനുസരിച്ച് ഇന്നലെ രാവിലെ സിജോ പുതുക്കാട് ബാറിൽ എത്തുന്നത് മുതലാണ് സംഭവങ്ങളുടെ തുടക്കം. മദ്യപിക്കുന്നതിനിടെ പ്രതി വീണ്ടും വീണ്ടും ടച്ചിങ്സ് ആവശ്യപ്പെട്ടു. കിട്ടാതെവന്നതോടെ ഇയാൾ കൗണ്ടർ ജീവനക്കാരുമായി തർക്കമുണ്ടാക്കി. പ്രശ്നം രൂക്ഷമാകുന്നെന്ന് മനസിലാക്കിയ ജീവനക്കാർ പ്രതിയെ ബാറിൽ നിന്നും പുറത്താക്കിയതായി പോലീസ് പറയുന്നു. ഇതിൽ കുപിതനായ പ്രതി ഹേമചന്ദ്രൻ പുറത്തിറങ്ങുന്നതുവരെ കാത്തിരുന്ന് ആക്രമിക്കുകയായിരുന്നു. 

കഴുത്തിൽ ഗുരുതരമായി പരിക്കേറ്റ ഹേമചന്ദ്രനെ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പുലർച്ചെ രണ്ടരയോടെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K