11 July, 2025 03:09:04 PM
വൈദ്യരത്നം ഗ്രൂപ്പിന്‍റെ സ്ഥാപക ദിനാഘോഷവും അവാർഡ് വിതരണവും നാളെ
- പി എം മുകുന്ദൻ

തൃശൂർ: വൈദ്യരത്നം ഗ്രൂപ്പിന്‍റെ സ്ഥാപക ദിനാഘോഷം നാളെ നടക്കും. തൃശൂർ ഒല്ലൂർ എടക്കുന്നി ക്ഷേത്രത്തിലെ ശ്രീ പാർവതി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് മന്ത്രി കെ.എൻ. ബാല ഗോപാൽ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജൻ മുഖ്യപ്രഭാഷണവും അക്കാദമി അവാർഡ് വിതരണവും നടത്തും. കലാമണ്ഡലം വൈസ് ചാൻസലർ പ്രഫ. ഡോ. ബി. അനന്തകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തും.
പാരമ്പര്യത്തെയും ആധുനികതയെയും മുൻനിർത്തി മർമ, ഓർത്തോപീഡിക്സ് ചികിത്സാരീതികളെ അധികരിച്ച് വിദഗ്‌ധർ പങ്കെടുക്കുന്ന ചർച്ച നടക്കും. വൈദ്യരത്നത്തോടൊപ്പം 25 വർഷങ്ങൾ പിന്നിട്ട ജീവനക്കാരെ ആദരിക്കും. 21-ാമത് 'വിദ്വത്ത' 2015 ദേശീയതല ഉപന്യാസമത്സര വിജയികൾക്കും കഴിഞ്ഞ വർഷം നടന്ന ആയുർവേദ ബിരുദ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വൈദ്യരത്നം ആയുർവേദ കോളജിലെ വിദ്യാർഥികൾക്കും എ സ്.എസ്.എൽ.സി, പ്ലസ് ടു ഭാഗങ്ങളിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികൾക്കും അവാർഡുകൾ വിതരണം ചെയ്യും.
ആയുർവേദത്തിനായി ജീവിതം സമർപ്പിച്ച പദ്‌മശ്രീ അഷ്‌ടവൈദ്യൻ ഇ.ടി.നീലകണ്ഠൻ മൂസ് 1941ലാണ് ഗ്രൂപ്പിന്‍റെ ആദ്യ സംരംഭമായ വൈദ്യരത്നം ഔഷധശാല സ്ഥാപിച്ചത്. മാറുന്ന കാലത്തിനൊപ്പം ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ലാത്ത ആയുർവേദ ചികിത്സകളും ഔഷധങ്ങളും ആയുർവേദ പഠനകേന്ദ്രങ്ങളും അതിനെല്ലാം പിൻബലമേകുന്ന ഗവേഷണവും കരുത്താക്കി മുന്നേറുകയാണ് വൈദ്യരത്നം ഗ്രൂപ്പ് ഇന്ന്.