10 July, 2025 10:06:53 AM
ഗുരുവായൂരിൽ ഡബ്ബകളില്‍ ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ

തൃശ്ശൂർ: ഗുരുവായൂരിൽ ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ. ചൊവ്വല്ലൂർ സ്വദേശി അൻസാറിനെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. യുവാവിന്റെ കൈയിൽ നിന്നും 124.680 ഗ്രാം ഹാഷിഷ് ഓയിലാണ് കണ്ടെത്തിയത്. ചാവക്കാട് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സി ജെ റിന്റോയുടെ നേതൃത്വത്തിലുള്ള സംഘമാണ് അൻസാറിനെ പിടികൂടിയത്.
വാഹന പരിശോധനയ്ക്കിടെ അൻസാറിന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നും ഹാഷിഷ് ഓയിൽ കണ്ടെത്തുകയായിരുന്നു. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു ഓയിൽ ഉണ്ടായിരുന്നത്. പിന്നീട് യുവാവിന്റെ സ്കൂട്ടർ പരിശോധിച്ചപ്പോൾ രണ്ട് ഡബ്ബകളിലായി സൂക്ഷിച്ചിരുന്ന കൂടുതൽ ഹാഷിഷ് ഓയിൽ എക്സൈസ് സംഘം കണ്ടെത്തുകയായിരുന്നു.
ഒരു ഗ്രാം ഹാഷിഷ് ഓയിലിന് 1500 രൂപയ്ക്കാണ് അൻസാർ വിറ്റിരുന്നതെന്ന് എക്സൈസ് സംഘം അറിയിച്ചു. ചെറിയ ഡബ്ബകളിലാണ് വിൽപ്ന. ഇതിനായി ഉപയോഗിക്കുന്ന അറുപതോളം ഒഴിഞ്ഞ ഡബ്ബകളും അൻസാറിന്റെ സ്കൂട്ടറിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് മുൻപും അൻസാറിന്റെ പേരിൽ കേസുകൾ ഉണ്ടായിട്ടുണ്ട്. ഇതിന് മുൻപ് ഒന്നര കിലോ കഞ്ചാവുമായി ഇയാൾ അറസ്റ്റിലായിരുന്നു. 55 ദിവസത്തിന് ശേഷം ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണ് വീണ്ടും പിടിയിലാകുന്നത്.