09 July, 2025 02:14:02 PM


ഗ്യാസ് ലീക്ക്; വീട്ടിലെ ലൈറ്റ് ഓണ്‍ ചെയ്തതിന് പിന്നാലെ തീപിടുത്തം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം



തൃശ്ശൂര്‍: ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂരില്‍ ഗ്യാസ് ലീക്കായതിനെ തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. വെള്ളാങ്കല്ലൂര്‍ എരുമത്തടം ഫ്രന്‍സ് നഗര്‍ സ്വദേശിനി ജയശ്രീ (60) ആണ് മരിച്ചത്. തൃശ്ശൂര്‍ ജൂബിലി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. അപകടത്തില്‍ പരിക്കേറ്റ ഭര്‍ത്താവ് രവീന്ദ്രന്‍ (70) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. 

ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. രാവിലെ ചേര്‍പ്പിലെ ബന്ധുവീട്ടില്‍ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങി എത്തിയ ഇരുവരും വീട്ടില്‍ കയറി ലൈറ്റ് ഓണ്‍ ചെയ്തപ്പോഴാണ് തീപിടിത്തമുണ്ടായത്. ഗ്യാസ് ലീക്കായി വീടിനകം മുഴുവന്‍ നിറഞ്ഞിരുന്നതാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. വീടിൻ്റെ മുന്‍വശത്തെ ഇരുമ്പ് വാതില്‍ അടക്കം അപകടത്തില്‍ തകര്‍ന്നിരുന്നു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K