08 July, 2025 08:20:52 PM
ലൈറ്റ് ഓൺ ചെയ്തതോടെ പൊട്ടിത്തെറി; ഗ്യാസ് ലീക്കായി ദമ്പതികൾക്ക് ഗുരുതര പരിക്ക്

തൃശ്ശൂർ: വെള്ളാങ്കല്ലൂരിൽ ഗ്യാസ് ലീക്കായതറിയാതെ ലൈറ്റ് ഓൺ ചെയ്തു തീപിടിച്ച് അപകടം. സംഭവത്തിൽ ദമ്പതികൾക്ക് ഗുരുതര പരിക്ക്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. വെള്ളാങ്കല്ലൂര്‍ എരുമത്തടം ഫ്രന്‍സ് നഗര്‍ സ്വദേശിയായ രവീന്ദ്രന്‍ (70), ഭാര്യ ജയശ്രീ (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
രാവിലെ ചേർപ്പിലെ ബന്ധുവീട്ടിൽ പിറന്നാളാഘോഷം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് ഇരുവരും വീട്ടിൽ കയറി ലൈറ്റ് ഓൺ ചെയ്തത്. ഉടനെ ഗ്യാസ് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിൽ പരിക്കേറ്റ ദമ്പതികളെ തൃശ്ശൂർ ജൂബിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിൽ ഭാര്യ ജയശ്രീയുടെ നില അതീവഗുരുതരമാണ്. ഇരിങ്ങാലക്കുട ഫയർഫോഴ്സും പോലീസ് സ്ഥലത്തെത്തിയിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വീട്ടിലെ ഗ്യാസ് സിലിണ്ടർ രണ്ടും പുറത്താണ് വെച്ചിട്ടുള്ളത്. ഗ്യാസ് ലീക്കായി വീടിന്റെ അകത്ത് മുഴുവൻ നിറഞ്ഞിരുന്നു എന്നാണ് സൂചന. വീടിന്റെ മുൻവശത്തെ ഇരുമ്പ് വാതിൽ അടക്കം തകർന്നു. എല്ലാ മുറികളിലും ഗ്യാസ് നിറഞ്ഞിരുന്നതിനാൽ വീടിനകത്ത് കനത്ത നാശനഷ്ടം ആണ് ഉണ്ടായത്.