05 July, 2025 05:09:58 PM


പുതുക്കാട് റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ പിക്കപ്പ് വാനിടിച്ച് പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചു



തൃശ്ശൂർ: നന്തിക്കര സെൻ്ററിൽ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് വാനിടിച്ച് പ്ലസ്ടു വിദ്യാർത്ഥിനി മരിച്ചു. പുതുക്കാട് വടക്കെ തൊറവ് ചിരുകണ്ടത്ത് മോഹനൻ്റെ മകൾ 17 വയസുള്ള വൈഷ്ണ ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ ഏഴരക്കായിരുന്നു അപകടം. ബസ് ഇറങ്ങി സഹപാഠിയോടൊപ്പം ട്യൂഷൻ സെൻ്ററിലേക്ക് പോകാൻ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കോട്ടയം ഭാഗത്തേക്ക് കള്ള് കൊണ്ടുപോയിരുന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.പിക്കപ്പിൻ്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 

അപകടത്തിൽ തെറിച്ചുവീണ വൈഷ്ണയെ നാട്ടുകാർ ചേർന്ന് പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പുതുക്കാട് താലൂക്ക് ആശുപത്രിയിൽ. നന്തിക്കര ഗവ. സ്കൂളിലെ പ്ലസ്ടു കൊമേഴ്സ് വിഭാഗം വിദ്യാർത്ഥിനിയാണ്. പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. പിക്കപ്പ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K