28 June, 2025 08:11:48 PM


ട്രാക്കിൽ മണ്ണിടിഞ്ഞ് വീണു; ഷൊർണൂർ- തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു



തൃശൂർ: ഷൊർണൂർ- തൃശൂർ റൂട്ടിൽ റെയിൽവേ ട്രാക്കിൽ മണ്ണ് വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനും മുള്ളൂർക്കര റെയിൽവേ സ്റ്റേഷനും ഇടയിൽ അകമല റെയിൽവേ ഓവർബ്രിഡ്ജിന് സമീപമാണ് മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടത്.

കഴിഞ്ഞ പ്രളയത്തിൽ വലിയ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് മേഖലയിൽ കോൺക്രീറ്റ് സംരക്ഷണഭിത്തി സ്ഥാപിച്ച് മണ്ണിടിച്ചിൽ തടയുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരികയായിരുന്നു. ഈ ഭാഗത്താണ് വീണ്ടും ട്രാക്കിലേക്ക് മണ്ണ് വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് മണ്ണിടിഞ്ഞത്.

നിലവിൽ തൃശൂർ ഭാഗത്തേക്ക് പോകുന്ന ട്രാക്കിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. റെയിൽവേ ജീവനക്കാർ സ്ഥലത്ത് എത്തിയിട്ടുണ്ട്. തൃശൂരിൽ നിന്നു ഷൊർണൂർ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളുടെ ഗതാഗതം തടസപ്പെട്ടിട്ടില്ല. ഒരുഭാഗത്ത് മാത്രമാണ് ഗതാഗതം തടസപ്പെട്ടിരിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 945