20 June, 2025 10:38:09 AM


അടച്ചിട്ട വീട്ടില്‍ നിന്നും ഉരുളിയും പാത്രങ്ങളും കവർന്നു; രണ്ടു സ്ത്രീകൾ അറസ്റ്റിൽ



തൃശൂർ : ഇരിങ്ങാലക്കുട തളിയക്കോണം സ്വദേശിയുടെ വീട്ടിൽ നിന്നും ഓട്ടുരുളിയും പാത്രങ്ങളും കവർന്ന കേസിൽ തമിഴ്നാട്ടുകാരായ രണ്ട് സ്ത്രീകൾ പിടിയിൽ. കേസിൽ തമിഴ്‌നാട് തിരുനൽവേലി സ്വദേശിനികളായ തൃശ്ശൂർ റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന നാഗമ്മ ( 49 വയസ്), മീന (29 വയസ് ) എന്നിവരെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു.

ഇരിങ്ങാലക്കുട തളിയക്കോണം സ്വദേശി കൂട്ടുമാക്കൽ അജയകുമാറിൻ്റെ വീടിൻ്റെ ലോക്ക് പൊട്ടിച്ച് അകത്ത്കയറി വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന 15000 രൂപ വില വരുന്ന ഓട്ടുരുളിയും മറ്റ് പാത്രങ്ങളും കവർന്നുവെന്നാണ് കേസ്. ഈ മാസം 17 ന് ഉച്ചക്ക് ഒരു മണിക്കായിരുന്നു സംഭവം. അജയകുമാർ വീട്ടിൽ ഇല്ലാത്ത സമയത്താണ് മോഷണം നടന്നത്.

അജയകുമാർ വീട്ടിൽ തിരിച്ച് വന്നപ്പോഴാണ് വീടിന്റെ ഗ്രിൽ തുറന്നു കിടക്കുന്നതും മോഷണം നടന്നതും അറിയുന്നത്. അയൽവക്കത്ത് വിവരം അറിയിച്ചപ്പോൾ തമിഴ് സ്ത്രീകൾ അല്പം മുൻപ് പോകുന്നത് കണ്ടതായി പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മാപ്രാണം വർണ്ണ തീയേറ്ററിന് സമീപത്തുവെച്ച് ചാക്ക് കെട്ടുമായി നടന്നു പോയ പ്രതികളെ നാട്ടുകാർ തടഞ്ഞു വച്ച് പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K