29 April, 2025 09:13:17 AM
മൈദ ചാക്കിനിടയിൽ 3,84,436 പാക്കറ്റ് ഹാൻസ്; പ്രതി പിടിയിൽ

തൃശൂർ : മംഗലാപുരത്ത് നിന്നും കേരളത്തിലേക്ക് കടത്തിയ വൻതോതിലുള്ള നിരോധിതപുകയില ഉത്പന്നങ്ങൾ പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. കേരളത്തിലേക്ക് സ്ഥിരമായി ലഹരി കടത്തുന്ന ലോറിയും 50 ലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമാണ് പിടികൂടിയത്.
സംഭവത്തിൽ ലോറി ഡ്രൈവർ മണ്ണാർക്കാട് സ്വദേശി സന്ദീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. 3,84,436 പാക്കറ്റ് ഹാൻസ് അടക്കമുള്ള പുകയില ഉത്പന്നങ്ങളാണ് ലോറിയിൽ നിന്നും പിടിച്ചെടുത്തത്. മൈദ ചാക്കുകൾക്കിടയിലാണ് പുകയില ഉത്പന്നങ്ങൾ കടത്തിയത്.
ലോറിയുടെ മുകളിലും വശങ്ങളിലും മാത്രം മൈദ ചാക്കുകൾ നിറച്ച് അതിനിടയിൽ പുകയില ഉത്പന്നങ്ങളും കടത്തുകയായിരുന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പുറ്റേകരയിൽ നിന്നാണ് പേരാമംഗലം പൊലീസും ഡാൻസാഫ് സംഘവും ഓപ്പറേഷൻ ഡീഹണ്ടിന്റെ ഭാഗമായി നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. സ്കൂൾ തുറക്കുന്നത് ലക്ഷ്യമിട്ട് വിൽപ്പനയ്ക്കെത്തിക്കാനുള്ള ലഹരി ഉത്പന്നങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്.