17 August, 2024 11:43:15 AM
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

എരുമപ്പെട്ടി: വെള്ളറക്കാട് മാത്തൂർ പാടത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ടു പേർ മരിച്ചു. മരത്തംക്കോട് സ്വദേശികളായ ചിറപുറത്ത് ആശാരി വീട്ടിൽ ആനന്ദൻ (50), സഹോദരൻ മോഹനന്‍റെ മകൻ പ്രവീൺ (21) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ പ്രവീണിന്‍റെ സഹോദരൻ പ്രണവ് (19), സ്കൂട്ടർ യാത്രക്കാരായ എരുമപ്പെട്ടി സ്വദേശി യഹിയ (19), ഇയാളോടൊപ്പമുണ്ടായിരുന്ന മറ്റൊരാളും തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളറക്കാട് മാത്തൂർ പാടത്തെ മെയിൻ റോഡിൽ ഇന്നലെ രാത്രി 10.10നാണ് അപകടമുണ്ടായത്. എരുമപ്പെട്ടി ഭാഗത്ത് നിന്ന് പോവുകയായിരുന്ന സ്കൂട്ടറും എതിരെ വന്നിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ആനന്ദൻ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പ്രവീൺ കഴിഞ്ഞ ദിവസമാണ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്.




