23 November, 2026 06:51:27 PM
കൊല്ലത്ത് ഉറങ്ങിക്കിടന്ന ഭാര്യയെ ടിന്നർ ഒഴിച്ച് കത്തിച്ചു; ഒളിവിൽപ്പോയ ഭർത്താവ് പിടിയിൽ

കൊല്ലം: കൊല്ലം കുണ്ടറയില്‍ വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന ഭാര്യയെ ടിന്നര്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. ചന്ദനത്തോപ്പ് പെരിനാട് മുകളുവിളയില്‍ അല്‍ഫിയ മന്‍സിലില്‍ നൗഷാദ് (47) നെ ആണ് കുണ്ടറ പോലീസ് കസ്റ്റഡിയിലെടുത്തത്. ഒക്ടോബര്‍ 29ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
ഭാര്യയോടുള്ള മുന്‍വൈരാഗ്യത്തിന്റെ പേരിലാണ് പ്രതി അതിക്രമം കാട്ടിയത്. പുലര്‍ച്ചെ രണ്ടോടെ ഉറങ്ങിക്കിടന്ന ഭാര്യയുടെ ശരീരത്തില്‍ ഇയാള്‍ ടിന്നര്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. ദേഹത്ത് തീപിടിച്ച സ്ത്രീ നിലവിളിച്ച് ഓടിയതോടെ രക്ഷിക്കാന്‍ ശ്രമിച്ച മകനും പൊള്ളലേറ്റു. അടുക്കള ഒഴികെ വീട്ടിലെ മറ്റ് മുറികളും ഫര്‍ണിച്ചറുമെല്ലം കത്തിനശിച്ചു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ നൗഷാദിനെ ഷൊര്‍ണൂരില്‍ നിന്നാണ് പൊലിസ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.


