18 November, 2026 10:32:37 AM
ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് മോഷണം, മലപ്പുറത്ത് കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

മലപ്പുറം മലപ്പുറത്ത് ആളില്ലാത്ത വീടുകൾ ലക്ഷ്യമിട്ട് കവർച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി സൈനുദ് (43)ആണ് അറസ്റ്റിലായത്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നൂറോളം മോഷണക്കേസുകളിലെ പ്രതിയാണ് ഇയാൾ. നാട്ടുകാരോടും സുഹൃത്തുക്കളോടും വസ്ത്രവ്യാപാരിയാണെന്നാണ് പ്രതി പറഞ്ഞിരുന്നത്.
പകൽസമയങ്ങളിൽ ആഡംബര കാറിൽ വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ച് ആൾത്താമസമില്ലാത്ത വീടുകൾ കണ്ടെത്തുകയായിരുന്നു പതിവ്. വീടുകളുടെയും പരിസരങ്ങളുടെയും സാഹചര്യം നിരീക്ഷിച്ച് മോഷണത്തിനുള്ള സമയം തീരുമാനിക്കും. തുടർന്ന് രാത്രിയുടെ മറവിൽ ഇരുചക്രവാഹനത്തിലെത്തി മോഷണം നടത്തും.
മുഖം മറച്ചും കൈകളിൽ ഗ്ലൗസ് ധരിച്ചും വീടുകളിലെത്തുന്ന ഇയാൾ മുൻവാതിൽ തകർത്താണ് അകത്തുകടന്നിരുന്നത്. മോഷണത്തിനുശേഷം തെളിവുകൾ ലഭിക്കാതിരിക്കാനായി വീടുകളിലെ സിസിടിവി ഹാർഡ് ഡിസ്കുകളും കൈക്കലാക്കും. ഒരു ജില്ലയിൽ മോഷണം നടത്തിയാൽ ഉടൻ മറ്റൊരു ജില്ലയിലേക്ക് താമസം മാറുന്നതായിരുന്നു രീതി. ഇത്തരത്തിൽ പോലീസിന്റെ ശ്രദ്ധയിൽപ്പെടാതെ വിവിധ സ്ഥലങ്ങളിൽ മോഷണം നടത്തി ആഡംബര ജീവിതം തുടരുകയായിരുന്നു ഇയാൾ.
മഞ്ചേരിയിൽ മോഷണക്കേസുകൾ വർധിച്ചതോടെ മഞ്ചേരി പോലീസും മലപ്പുറം ഡാൻസാഫ് സംഘവും സംയുക്തമായി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും മുൻകാല കുറ്റവാളികളുടെ വിവരങ്ങൾ ശേഖരിച്ചും നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് സൈനുദ്ദീനിലേക്ക് എത്തിയത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ പെരിന്തൽമണ്ണ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.
പതിനെട്ടാം വയസ്സിലാണ് സൈനുദീൻ മോഷണം ആരംഭിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പാലക്കാട് ജില്ലയിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ ജയിൽവാസത്തിനുശേഷം 2024-ലാണ് ജാമ്യത്തിലിറങ്ങിയത്. തുടർന്ന് സഹോദരിക്കും കുടുംബത്തിനുമൊപ്പം മഞ്ചേരി, കാവനൂർ, രാമൻകുളം എന്നിവിടങ്ങളിൽ വീടുകൾ വാടകയ്ക്കെടുത്ത് താമസിച്ചുവരികയായിരുന്നു. ഇതിനിടെ കോഴിക്കോട് ജില്ലയിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലും ഇയാൾ പ്രതിയായിട്ടുണ്ട്.


