14 October, 2026 11:39:29 AM


കാറളത്ത് വയോധികയെ കഴുത്ത് ഞെരിച്ച് കൊന്നു; 16 പവന്‍ സ്വർണം നഷ്ടപ്പെട്ടു



തൃശൂര്‍ : കാറളത്ത് വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. തൃശൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ 15 അംഗ എസ്‌ഐടിയാണ് രൂപീകരിച്ചത്. കാറളം ആരുമ്പിള്ളി വിജയന്റെ ഭാര്യ സാവിത്രിയാണ് (65) കൊല്ലപ്പെട്ടത്. സാരി കൊണ്ട് കഴുത്തു വരിഞ്ഞുമുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. 16 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടതായും പൊലീസ് വ്യക്തമാക്കി.

ഇന്നലെയാണ് സാവിത്രിയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് വിജയനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ മകനും ഭാര്യയും പോയ സമയത്തായിരുന്നു കൊലപാതകം. സാവിത്രിയുടെ ശരീരത്തിലുണ്ടായിരുന്ന അഞ്ച് പവന്റെ വള, അഞ്ച് പവന്റെ മാല, മോതിരം എന്നിവ നഷ്ടപ്പെട്ടിരുന്നു. കഴുത്തിലും കൈകളിലും ബലപ്രയോഗം നടന്നതിന്റെ വ്യക്തമായ പാടുകളുമുണ്ടായിരുന്നു.

വൈകീട്ട് സ്‌കൂള്‍ വിട്ടെത്തിയ പേരക്കുട്ടിയാണ് സാവിത്രിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി മൃതദേഹത്തിന് ചുറ്റും മുളകുപൊടി വിതറിയ നിലയിലായിരുന്നു. പൊലീസിനെയും ഡോഗ് സ്‌ക്വാഡിനെയും വഴിതെറ്റിക്കാനാണ് അക്രമി മുളകുപൊടി ഉപയോഗിച്ചതെന്നാണ് കരുതുന്നത്. കൊലപാതകിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

തൃശൂര്‍ എസ്പിയുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് അന്വേഷിക്കുന്നത്. വീട്ടില്‍ നിന്നും കൊലയാളിയുടേതെന്ന് സംശയിക്കുന്ന ഗ്ലൗസ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇന്നലെ പരിസരത്ത് നാടോടി സംഘങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അവരിലാര്‍ക്കെങ്കിലും കൊലപാതകവുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പൊലീസ് നായയെ ഉള്‍പ്പെടെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 941