16 November, 2026 10:56:04 AM


യുവതി വനത്തിൽ കൊല്ലപ്പെട്ട നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ



ഭോപ്പാൽ: ദീപാവലി ആഘോഷിക്കാൻ മാതാപിതാക്കളുടെ വീട്ടിലെത്തിയ 35കാരിയെ മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിൽ വനമേഖലയിൽ മരിച്ചനിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ ബാലാഘട്ട് സ്വദേശിനിയായ വർഷ തുർക്കറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കൊലപാതക സാധ്യത ഉൾപ്പെടെ പരിശോധിക്കുന്ന പൊലീസ്, യുവതിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. 

രണ്ടര വയസുള്ള മകളോടൊപ്പമാണ് വർഷ ദീപാവലി ആഘോഷിക്കാൻ മാതൃവീട്ടിലെത്തിയത്. 2024ലായിരുന്നു വിവാഹം. ഭർത്താവ് നിലവിൽ ഇൻഡോറിലാണ് താമസം. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് നാലോടെ നിതേഷ് അഗർവാൾ എന്ന സുഹൃത്തിനൊപ്പം വൈംഗംഗ നദിക്കരയിലേക്ക് പോയ വർഷ പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ല. ഏതാനും മണിക്കൂറുകൾക്കുശേഷം സംഭവത്തെക്കുറിച്ച് നിതേഷ് കുടുംബത്തെ അറിയിക്കുകയായിരുന്നു. ബന്ധുക്കൾ മഹാരാഷ്ട്ര-മധ്യപ്രദേശ് അതിർത്തിക്ക് സമീപമുള്ള ബോന്ദ്രാണി വനമേഖലയിലെത്തിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ വർഷയെ കണ്ടെത്തി. ഉടൻ സമീപത്തെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും വൈകിട്ട് ഏഴോടെ മരണം സ്ഥിരീകരിച്ചു.

മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് യുവതിയെ ആക്രമിച്ചെന്നാണ് പ്രാഥമിക നിഗമനം. മുഖംമൂടി ധരിച്ചെത്തിയ അജ്ഞാതർ തങ്ങളെ ആക്രമിച്ച് കൊള്ളയടിച്ചെന്നായിരുന്നു നിതേഷിന്റെ മൊഴി. എന്നാൽ ആക്രമണം നടന്നതായി പറയുമ്പോഴും നിതേഷിന് പരിക്കുകളൊന്നും ഇല്ലാത്തത് പൊലീസിൽ സംശയമുണ്ടാക്കി. മൊഴിയിലെ വൈരുധ്യങ്ങളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. മരണകാരണം, ആക്രമണത്തിന് പിന്നിലെ സാഹചര്യം, മോഷണശ്രമം നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും തുടർ അന്വേഷണവും പുറത്തുകൊണ്ടുവരുമെന്നാണ് പ്രതീക്ഷ. സംഭവത്തിൽ എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K