15 November, 2026 07:55:30 PM


മാവേലിക്കരയില്‍ ഒന്നരവയസ്സുകാരിയെ തറയിലടിച്ച് കൊലപ്പെടുത്തി, പിതാവ് അറസ്റ്റില്‍



ആലപ്പുഴ: മദ്യലഹരിയിലെത്തിയ യുവാവ് ഭാര്യയുടെ മടിയിലിരുന്ന ഒന്നരവയസ്സുകാരിയായ മകളെ പിടിച്ചുവാങ്ങി തറയിലടിച്ച് കൊലപ്പെടുത്തി. ആലപ്പുഴ മാവേലിക്കരയ്ക്ക് സമീപമുള്ള മാങ്കാംകുഴിയിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശിയായ പരിതോഷ് മൊണ്ടേലിനെ കുറത്തിക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്നരവയസുകാരിയായ ദീപികയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാത്രി പത്തരയോടെയാണ് മാതാപിതാക്കൾ ദീപികയുമായി മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിയത്. കുട്ടി വീണ് പരിക്കേറ്റതാണെന്നാണ് ഇവർ ആദ്യം ഡോക്ടർമാരോട് പറഞ്ഞത്. എന്നാൽ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും കുട്ടിയുടെ മരണം സംഭവിച്ചിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ കുട്ടിയെ പരിശോധിച്ചപ്പോൾ ശരീരത്തിൽ കണ്ട പരിക്കുകളുടെ പാടുകൾ മരണത്തിൽ സംശയം ജനിപ്പിച്ചു. സംശയം തോന്നിയ ഡോക്ടർമാർ ഉടൻ തന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. കുഞ്ഞിന്റെ മരണം ഒളിച്ചുവെക്കാൻ മാതാപിതാക്കൾ ശ്രമിച്ചതായി പൊലീസ് പറയുന്നു.

ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്നെത്തിയ പൊലീസ് മാതാപിതാക്കളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ക്രൂരകൃത്യത്തിന്റെ ചുരുളഴിഞ്ഞത്. നിർമ്മാണത്തൊഴിലാളിയായ പരിതോഷ് മദ്യലഹരിയിൽ വീട്ടിലെത്തുകയും, ഭാര്യയുടെ മടിയിലിരുന്ന ദീപികയെ പിടിച്ചുവാങ്ങി തറയിലടിക്കുകയുമായിരുന്നു എന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി.


കൊല്ലപ്പെട്ട ദീപികയെ കൂടാതെ ഇവർക്ക് മൂത്ത ഒരു കുട്ടി കൂടിയുണ്ട്. പരിതോഷ് ആ കുട്ടിയെയും ഉപദ്രവിച്ചിട്ടുണ്ടോ എന്നും കുട്ടിക്ക് മറ്റെന്തെങ്കിലും ശാരീരിക പ്രശ്നങ്ങളുണ്ടോ എന്നും പരിശോധിച്ചുവരികയാണ്. കസ്റ്റഡിയിലുള്ള പ്രതിയെ പൊലീസ് കൂടുതൽ ചോദ്യം ചെയ്യുകയാണ്. കൊല്ലപ്പെട്ട കുഞ്ഞിന്റെ മൃതദേഹം മാവേലിക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയുള്ളൂ. കൂടുതൽ നിയമനടപടികൾ പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 912