19 October, 2026 12:25:16 PM
തൃശൂർ മെഡിക്കൽ കോളജിൽ നിന്നും ഓട്ടോ മോഷ്ടിച്ച അണ്ണാന് ഷാജി പിടിയിൽ

തൃശൂര്‍: കുപ്രസിദ്ധ വാഹന മോഷ്ടാവിനെ പോലീസ് പിന്തുടര്ന്നു പിടികൂടി. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് പാര്‍ക്കിംഗില്‍ നിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ച് ഒളിവിലിരുന്ന അണ്ണാന് ഷാജി എന്ന മോഷ്ടാവിനെയാണ് പോലീസ് സാഹസികമായി വലയിലാക്കിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്ന് ഇയാള്‍ ഓട്ടോ മോഷ്ടിച്ച് കടന്നുകളഞ്ഞത്. ഇടുക്കി സ്വദേശിയായ പ്രതി മൂവാറ്റുപുഴയില്‍ വാടകവീട്ടില്‍ ഒളിവിലിരിക്കുകയായിരുന്നു.
നിരവധി പോലീസ് സ്റ്റേഷനുകളില്‍ വാഹന മോ ഷണക്കേസുകളില് പ്രതിയായ ഷാജി, തിരുവനന്തപുരത്തുനിന്നും മോഷ്ടിച്ച ഓട്ടോറിക്ഷയുമായി സഞ്ചരിക്കവേ എറണാകുളം ജില്ലയിലെ ചെറുവട്ടൂരില്‍ വച്ചാണ് പിടികൂടിയത്. മെഡിക്കല്‍ കോളേജ് പോലീസ് ഇയാളെ പിന്തുടര്ന്നാണ് കീഴടക്കിയത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതും നിരന്തരം താമസസ്ഥലങ്ങള്‍ മാറിപ്പോകുന്നതും ഇയാളെക്കുറിച്ചുള്ള പോലീസ് അന്വേഷണത്തെ പ്രതിസന്ധിയിലാക്കിയിരുന്നു.
തുടര്‍ന്ന് മാസങ്ങളോളം ഇയാളുടെ ബന്ധുക്കളെയും അടുത്ത സുഹൃത്തിനെയും രഹസ്യമായി നിരീക്ഷിച്ച ശേഷമാണ് പോലീസിന് പ്രതിയിലേക്ക് എത്താന്‍ സാധിച്ചത്. പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഏറെ ദൂരം പിന്തുടര്ന്നാണ് സാഹസികമായി കീഴടക്കിയത്. മെഡിക്കല്‍ കോളേജ് എസ് എച്ച് ഒ എസ് കിരണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ എ എസ് ഐ സിബു, എസ് സി പി ഒ അഭിലാഷ്, സി പി ഒമാരായ ഷാഹിദ്, അഭയ് ഘോഷ് എന്നിവരാണുണ്ടായിരുന്നത്.


