12 October, 2026 07:09:28 PM
കൊല്ലത്ത് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചു; 75കാരനെതിരേ കേസ്

കൊല്ലം: സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ 75കാരനെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു (Kollam POCSO case). കൊല്ലം രണ്ടാംകുറ്റി സ്വദേശി നാസിമിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. മൂന്ന് പേർ ചേർന്ന് നിർമിക്കുന്ന സിനിമയിൽ താൻ നിർമാതാവാണെന്നും പെൺകുട്ടിയെ സിനിമയിൽ അഭിനയിപ്പിക്കാമെന്നും ഇയാൾ വാഗ്ദാനം ചെയ്തിരുന്നതായാണ് പരാതി. ഇതിന്റെ പേരിൽ പെൺകുട്ടിയിൽ നിന്ന് 10,000 രൂപ വാങ്ങിയതായും പരാതിയിൽ പറയുന്നു.
എന്നാൽ സിനിമയുടെ കാര്യങ്ങൾ മുന്നോട്ടുപോകാതെ വന്നതോടെ പെൺകുട്ടി പണം തിരികെ ആവശ്യപ്പെട്ടു. തുടർന്ന് രണ്ടാംകുറ്റി ജംക്‌ഷനിൽ എത്തിയാൽ പണം നൽകാമെന്ന് പറഞ്ഞ് ഇയാൾ പെൺകുട്ടിയെ വിളിച്ചുവരുത്തിയെന്നാണ് മൊഴി. കാറിലെത്തിയ നാസിം, പണം വീട്ടിലാണെന്ന് പറഞ്ഞ് പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചുവെന്നാണ് ആരോപണം. ഇതിനിടെ പെൺകുട്ടി സുഹൃത്തിന്റെ സഹായം തേടിയതായും മൊബൈൽ ഫോണിലൂടെ ലൊക്കേഷൻ അയച്ചുനൽകിയതിനെ തുടർന്ന് സുഹൃത്ത് സ്ഥലത്തെത്തി രക്ഷപ്പെടുത്തിയതായും വനിതാ പൊലീസ് സ്റ്റേഷനിൽ നൽകിയ മൊഴിയിൽ പറയുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം തുടരുകയാണ്.


