30 September, 2026 04:13:08 PM


കൊഴിഞ്ഞാമ്പാറയിലെ കുട്ടികളുടെ മരണം കൊലപാതകം; അമ്മ കുറ്റം സമ്മതിച്ചു



പാലക്കാട്: കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ സഹോദരങ്ങളായ രണ്ട് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തൽ. ‌സംഭവത്തിൽ കുട്ടികളുടെ അമ്മ നിവേദ്യ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. അമ്മ തന്നെയാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

പഴണിയാർപാളയം കള്ളയാർപാളയം മണൽക്കാട്ട് ജോൺകുമാറിന്‍റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരെയാണ് മേനോൻപാറയിലെ വാടകവീട്ടിലെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം.

ഇന്നലെത്തന്നെ സംഭവത്തില്‍ പൊലീസിന് സംശയങ്ങളുണ്ടായിരുന്നു. രണ്ട് കുട്ടികളും ഒരുമിച്ച് എങ്ങനെ വെള്ള ടാങ്കില്‍ വീണു എന്നത് ദുരൂഹമായി പൊലീസിന് മുന്നില്‍ ഉണ്ടായിരുന്നു. കുട്ടികളുടെ അച്ഛന്‍ ജോണ്‍ കുമാര്‍ ഇന്നലെ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇദ്ദേഹം ജോലിക്ക് പുറത്തുപോയ സമയത്തായിരുന്നു സംഭവം നടന്നത്. പിന്നാലെയാണ് വിശദമായ പരിശോധനയുടെ ഭാഗമായാണ് അമ്മയെ ചോദ്യം ചെയ്യുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K