10 November, 2026 10:19:04 AM
നാലു വയസ്സുകാരനെ കൊലപ്പെടുത്തിയ ശേഷം അവയവങ്ങൾ വിൽക്കാൻ ശ്രമം; ബന്ധു അറസ്റ്റില്‍

റായ്പൂര്‍: നാലു വയസ്സുള്ള കുട്ടിയെ കൊലപ്പെടുത്തി അവയവങ്ങള്‍ ഓണ്‍ലൈനിലൂടെ വില്‍പ്പന നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ 27 വയസ്സുകാരനായ ബന്ധു അറസ്റ്റില്‍. ഛത്തീസ് ഗഡിലെ ജാഷ്പൂര്‍ ജില്ലയിലെ ലോധേനപഥ് മാഹുവ ഗ്രാമത്തിലാണ് നടക്കുന്ന സംഭവം അരങ്ങേറിയത്. ജിതേന്ദ്ര റാം എന്ന നാലു വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ടാങ്‌നു എന്നറിയപ്പെടുന്ന ബസുദേവ് കോര്‍ന (27) ആണ് അറസ്റ്റിലായത്.
പെട്ടെന്ന് പണം സമ്പാദിക്കാനായുള്ള മാര്‍ഗം എന്ന നിലയിലാണ് കുട്ടിയെ കൊലപ്പെടുത്തി അവയവങ്ങള്‍ വില്‍ക്കാന്‍ തീരുമാനിച്ചതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. കുട്ടിയുടെ ശ്വാസകോശം, വൃക്കകള്‍, കണ്ണുകള്‍ എന്നിവ എടുത്ത ശേഷം മൃതദേഹം ചാക്കില്‍ കെട്ടി വയലില്‍ ഉപേക്ഷിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലെ ചില റീലുകളിലൂടെയാണ് അവയവങ്ങള്‍ വില്‍പ്പന നടത്തി പണം സമ്പാദിക്കുന്നതിനെപ്പറ്റി പ്രതി മനസ്സിലാക്കുന്നതെന്ന് പൊലീസ് പറയുന്നു.
രാംജിത് റാമിന്റെ ഇളയ മകനെയാണ് പ്രതി കൊലപ്പെടുത്തിയത്. രാംജിത്തിനെ മദ്യം നല്‍കിയ മയക്കിയ പ്രതി, നാലു വയസ്സുകാരനെ കോഴിയിറച്ചി നല്‍കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് ഇറച്ചിയും മദ്യവും നല്‍കിയ മയക്കിയശേഷം, കഴുത്തറുത്ത് കൊലപ്പെടുത്തി കുട്ടിയുടെ ശരീരത്തില്‍ നിന്നും അവയവങ്ങള്‍ അടര്‍ത്തി മാറ്റി പ്ലാസ്റ്റിക് ബാഗില്‍ സൂക്ഷിക്കുകയായിരുന്നു. ചാറ്റ് ജിപിറ്റിയോട് ചോദിച്ചാണ് ഇയാള്‍ അവയവങ്ങള്‍ അടര്‍ത്തിയെടുത്തത്.
ഡല്‍ഹിയില്‍ നിന്നും ആരെങ്കിലും അവയവങ്ങള്‍ വാങ്ങാനെത്തുമെന്നാണ് പ്രതി കരുതിയിരുന്നത്. അവയവങ്ങള്‍ മാറ്റിയ ശേഷം കുട്ടിയുടെ മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ് ഉപേക്ഷിച്ചു. കുട്ടിയെ തിരയുന്നതിനിടയില്‍, ചോളപ്പാടത്തിന് സമീപമുള്ള വെള്ളം നിറഞ്ഞ കുഴിയില്‍ ഒരു ചാക്കിലാക്കി പുതപ്പും മെത്തയും കൊണ്ട് പൊതിഞ്ഞ് ഭാഗികമായി കുഴിച്ചിട്ട നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് നവംബര്‍ 7 നാണ് രാംജിത് റാം സന്ന പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നത്. ഒരു വര്‍ഷം മുമ്പാണ് ജോലിക്കായി രാംജിത് റാം കുടുംബത്തോടൊപ്പം സന്ന ഗ്രാമത്തിലേക്ക് താമസം മാറിയത്. ആമത്ചുവ നദിയിലെ അണക്കെട്ടിന് സമീപമുള്ള ഒരു കുടിലിലാണ് കുടുംബം താമസിച്ചിരുന്നത്. രാംജീത്തിന്റെ ബന്ധുവായ പ്രതി പലപ്പോഴും ഇവരുടെ വീട്ടില്‍ വരാറുണ്ടായിരുന്നു. ദിവസവേതന ജോലിയില്‍ നിന്നുള്ള വരുമാനത്തില്‍ തൃപ്തനല്ലാത്തതിനാല്‍ കൂടുതല്‍ പണം സമ്പാദിക്കാനായിട്ടാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.


