09 October, 2026 05:13:49 PM
വാട്സാപ്പ് ഡിലീറ്റ് ചെയ്തതിന് ആറു വയസുകാരിക്ക് ക്രൂരമർദനം: അമ്മ കസ്റ്റഡിയിൽ

നെയ്യാറ്റിൻകര: ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തതിന് കുഞ്ഞിനെ അമ്മ ക്രൂരമായി മർദിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര ഉദിയൻകുളങ്ങരയിലാണ് സംഭവം. മുഖത്ത് മാരകമായി പരിക്കേറ്റ കുഞ്ഞിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടു കൂടിയായിരുന്നു സംഭവം. ഉദിയൻകുളങ്ങര സ്വദേശികളായ വിഷ്ണു ശോഭ ദമ്പതികളുടെ ഇളയ മകൾ വിഷ്ണു നന്ദ (6)ക്കാണ് മർദനമേറ്റത്. അമ്മയുടെ ഫോണിലെ വാട്സാപ്പ് ഡിലീറ്റ് ചെയ്തതായിരുന്നു പ്രകോപന കാരണം. കട്ടിലിൽ നിന്ന് വീണ് മുഖത്ത് പരിക്കേറ്റു എന്നു പറഞ്ഞായിരുന്നു കുട്ടിയെ ജനറൽ ആശുപത്രിയിൽ അമ്മയും അമ്മൂമ്മയും ചേർന്ന് എത്തിച്ചത്. എന്നാൽ മുഖത്തെ മാരകമായ പരിക്കിൽ സംശയം തോന്നിയ ഡോക്ടർ നടത്തിയ അന്വേഷണത്തിൽ ആയിരുന്നു മർദന വിവരം പുറത്തറിയുന്നത്. തുടർന്ന് കുഞ്ഞിന്റെ അമ്മയെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.


