29 October, 2026 01:17:11 PM


കോവളം സ്പാ പീഡനക്കേസ്; സെക്സ് റാക്കറ്റിലെ ഇടനിലക്കാരിയും പിടിയിൽ



ബെം​ഗളൂരു: കോവളം സ്പാ പീഡന കേസുമായി ബന്ധപ്പെട്ട് അന്തർസംസ്ഥാന സെക്‌സ് റാക്കറ്റിലെ ഇടനിലക്കാരി അറസ്റ്റിൽ. ബെംഗളൂരു സ്വദേശിനി വാണിയാണ് അറസ്റ്റിലായത്. ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ബെം​ഗളൂരുവിൽ നിന്നുമാണ് പിടികൂടിയത്. കോവളം സ്പായിൽ പീഡനത്തിന് ഇരയായ 16 വയസുകാരിയെ കേരളത്തിലെത്തിച്ചത് വാണിയാണ്.

കോവളത്തെ 'ഡ്രീംസ് ആയുർവേദിക് സ്പാ' കേന്ദ്രീകരിച്ചാണ് പ്രായപൂർത്തിയാകാത്ത 16 വയസ്സുകാരി ലൈംഗിക പീഡനത്തിനിരയായത്. നേരത്തെ അറസ്റ്റിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം സംഘം ബെംഗളൂരുവിലെത്തി യുവതിയെ കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. വാണി ഉൾപ്പെട്ട സംഘമാണ് പെൺകുട്ടിയെ കോവളത്തെ സ്പാ ഉടമകൾക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ഇടനിലക്കാരായി പ്രവർത്തിക്കുകയും ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം.

പെൺകുട്ടിയുടെ ഇളയമ്മയ്ക്ക് ബെംഗളൂരുവിൽ വീടുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പെൺകുട്ടിക്കൊപ്പം ഇളയമ്മയും അവിടെയാണ് താമസിച്ചിരുന്നത്. ഇതിനിടെയാണ് വാണി ഉൾപ്പെട്ട സംഘവുമായി ഇളയമ്മ പരിചയത്തിലാകുന്നത്. തുടർന്ന് പണം വാങ്ങി പെൺകുട്ടിയെ ചെന്നൈയിലെ ഒരു സ്പായിലേക്ക് അയച്ചു. ചെന്നൈയിൽ രണ്ടുമാസത്തോളം ജോലി ചെയ്ത പെൺകുട്ടി പിന്നീട് ഇളയമ്മയ്ക്കൊപ്പം ബെംഗളൂരുവിലേക്ക് മടങ്ങി. തുടർന്നാണ് ക്രിമിനൽ സംഘത്തിന്റെ സഹായത്തോടെ പെൺകുട്ടിയെ കോവളത്തെ സ്പായിൽ എത്തിച്ചത്.
‍
സ്പാ പീഡനക്കേസിൽ വനിതാ ഹെൽത്ത് ഇൻസ്പെക്ടർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. സ്പാ പീഡന കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ ഹെൽത്ത് ഇൻസ്പെക്ടറാണ് നഗരൂർ ഹെൽത്ത് ഇൻസ്പെക്ടർ ആയ മായ. സ്പാ വരുമാനം ആദ്യമെത്തിയത് മായയുടെ അക്കൗണ്ടിലേക്കാണ്. അതിൽ നിന്നാണ് ആദ്യം അറസ്റ്റ് ചെയ്യപ്പെട്ട അനുരൂപിൻ്റെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നത്. തിരുവനന്തപുരം കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ ആയ ഇയാളെ അറസ്റ്റിന് ശേഷം സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 297