27 October, 2026 01:35:09 PM
കഴക്കൂട്ടത്ത് കുട്ടിയെ കൊണ്ട് കാര് ഓടിപ്പിച്ച് അപകട യാത്ര; ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: തിരക്കേറിയ റോഡിലൂടെ കൊച്ചുകുട്ടിയെക്കൊണ്ട് കാർ ഓടിപ്പിച്ച് അപകടയാത്ര. തിരുവനന്തപുരം കഴക്കൂട്ടം ബൈപ്പാസിലാണ് ഓടുന്ന വാഹനത്തിന്റെ സ്റ്റിയറിങ് കുട്ടി നിയന്ത്രിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. രണ്ടു മുതിർന്ന യാത്രക്കാരുള്ള കാറിലാണ് ഡ്രൈവിങ് സീറ്റിലിരിക്കുന്ന ആളുടെ മടിയിലിരിക്കുന്ന കുട്ടിയെക്കൊണ്ട് അപകടകരമായ രീതിയിൽ കാർ ഓടിപ്പിക്കുന്നത്. അഞ്ച് വയസ്സിൽ താഴെ മാത്രം പ്രായമുള്ള കുട്ടിയാണ് കാറിന്റെ സ്റ്റിയറിങ് നിയന്ത്രിക്കുന്നതെന്ന് ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. സമീപത്തുകൂടി മറ്റൊരു വാഹനത്തിൽ യാത്ര ചെയ്ത കൊല്ലം ഇളമ്പൽ സ്വദേശികളാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത്. തിരക്കേറിയ ഹൈവേയിലൂടെയുള്ള ഈ നിയമലംഘനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ഉയരുന്നത്.


