18 November, 2026 05:20:01 PM
കോവളം സ്പാ പീഡനക്കേസ്; രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ. കേസിലെ 11, 12 പ്രതികളെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പൂന്തുറ സ്വദേശി അനിൽ, പുതിയതുറ സ്വദേശി സുധീഷ് എസ് എന്നിവരാണ് അറസ്റ്റിലായത്. അച്ഛനും അമ്മയുമില്ലാത്ത പെൺകുട്ടിയെ ചെറിയമ്മയും ഭർത്താവും ചേർന്നാണ് സ്പാ ഉടമകൾക്ക് കൈമാറിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇരുവരും അനാശാസ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരാണെന്നും പൊലീസ് വ്യക്തമാക്കി. ചൂഷണം സഹിക്കാനാകാതെ വന്നതോടെ സ്പായിൽവെച്ച് പരിചയപ്പെട്ട നെയ്യാറ്റിൻകര സ്വദേശിക്കൊപ്പം പെൺകുട്ടി രക്ഷപ്പെടുകയായിരുന്നു. സെപ്റ്റംബർ 21ന് പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ചെറിയമ്മ നൽകിയ പരാതിയിലാണ് കോവളം പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് പെൺകുട്ടിയെ കണ്ടെത്തിയ പൊലീസ് കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്.


