18 November, 2026 04:58:37 PM


കൊട്ടിയത്ത് സ്കൂൾ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം; 30ഓളം കുട്ടികൾ ആശുപത്രിയിൽ



കൊല്ലം: കൊട്ടിയത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിലെ മുപ്പതിലേറെ വിദ്യാർത്ഥികൾക്കാണ് ശ്വാസംമുട്ടൽ, തലവേദന, ഛർദി തുടങ്ങിയ പ്രശ്നങ്ങളെ തുടർന്ന് സമീപത്തെ ആശുപത്രിയിൽ ചികിത്സ നൽകിയത്. കുട്ടികൾക്ക് ഓക്സിജൻ സഹായമടക്കം നൽകി നിരീക്ഷണത്തിൽ വെച്ചിരിക്കുകയാണ്. സ്കൂളിന് സമീപമുള്ള ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള പുക ശ്വസിച്ചതിനെ തുടർന്നാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഈ പുക ശ്വസിച്ച് മുൻപും ഇതേ സ്കൂളിലെ ഇരുപതിലേറെ വിദ്യാർത്ഥികൾക്ക് സമാനമായ രീതിയിൽ ആരോഗ്യപ്രശ്നങ്ങൾ വന്നിരുന്നു. അന്ന് പരാതി ഉയർന്നതിനെ തുടർന്ന് പഞ്ചായത്ത് ഇടപെട്ട് പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവെപ്പിച്ചെങ്കിലും, കോടതി ഉത്തരവിനെ തുടർന്നാണ് രണ്ട് ദിവസം മുൻപ് പ്ലാന്റ് വീണ്ടും പ്രവർത്തനം ആരംഭിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 915