03 November, 2026 06:08:29 PM
വിവാഹവേദിയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം: പാറശാലയിൽ വിവാഹച്ചടങ്ങിനിടെ അലങ്കാര വിളക്കിൽനിന്ന് ഷോക്കേറ്റ് 14 കാരനായ വിദ്യാർഥി മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തിങ്കളാഴ്ച രാത്രി നടന്ന വിവാഹസൽക്കാരത്തിൽ പങ്കെടുക്കവെയാണ് ഒൻപതാം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ടത്. വിവാഹവേദിയിൽ അലങ്കാര ലൈറ്റുകൾ സ്ഥാപിച്ചതിലെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. റിസപ്ഷൻ ഹാളിന് സമീപം സ്ഥാപിച്ചിരുന്ന അലങ്കാര വിളക്കിന്റെ വയറിൽ നിന്നാണ് കുട്ടിക്ക് ഷോക്കേറ്റത്. ഉടൻ തന്നെ പാറശാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പാറശാല സ്റ്റേഷൻ ഹൗസ് ഓഫീസറോടും ജില്ലാ ശിശുക്ഷേമ ഓഫീസറോടും ബാലാവകാശ കമ്മീഷൻ വിശദീകരണം തേടിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ അലങ്കാര പണികളെക്കുറിച്ചും സംഭവത്തിലെ വീഴ്ചകളെക്കുറിച്ചും പൊലീസ് സമഗ്രമായ അന്വേഷണം നടത്തിവരികയാണ്.


