17 November, 2026 10:50:56 AM
ചാല സ്വര്‍ണക്കവര്‍ച്ച: വെള്ളായണി ക്ഷേത്രത്തിന് സമീപത്ത് നിന്ന് 146 പവൻ സ്വര്‍ണം കണ്ടെത്തി

തിരുവനന്തപുരം: ചാല സ്വർണക്കവർച്ചയിൽ കൂടുതൽ സ്വർണം കണ്ടെത്തി. വെള്ളായണി ക്ഷേത്രത്തിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ കുഴിച്ചിട്ട നിലയിലാണ് സ്വർണം കണ്ടെത്തിയത്. കവർച്ച നടത്തിയ പ്രതി അനൂപാണ് സ്വർണ്ണം ഒളിപ്പിച്ചത്. വെള്ളായണി ക്ഷേത്രത്തിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ കുഴിച്ചിട്ട നിലയിലാണ് 146 പവൻ സ്വർണമാണ് കണ്ടെത്തിയത്.
വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിനെ വിളിച്ചുവരുത്തി തൊണ്ടിമുതൽ പരിശോധിക്കും. കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു സ്വർണ്ണം കണ്ടെത്തിയത്. പ്രതിയെ സ്ഥലത്ത് എത്തിച്ച് കുഴിയിൽ നിന്ന് സ്വർണ്ണം കണ്ടെടുക്കുകയായിരുന്നു. കേസിൽ അറസ്റ്റിലായ അനില്‍ അനൂപ്, ആന്റണി എന്നിവരെ ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ജയറാമിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് സംഭവത്തിന്റെ ചുരുളുകളഴിഞ്ഞത്. ഇയാള്‍ക്കെതിരെ നേരത്തെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മുഖ്യപ്രതി അമുലും മാളവിക ജ്വലറി ഉടമ ജയറാമും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ജ്വല്ലറി ഉടമയായ നന്ദകുമാറിനോടുള്ള പകയാണ് മോഷണത്തിന് പിന്നിലെന്നാണ് അന്വേഷണത്തിലൂടെ തെളിഞ്ഞത്. പ്രതികൾ നൽകിയ മൊഴികളിൽ നിന്നാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം വയനാട്ടിൽ കാറിൽനിന്ന് പിടിച്ചെടുത്ത 450 ഗ്രാം സ്വർണം മാത്രമാണ് കവർന്നതെന്നുമുള്ള പ്രതികളുടെ വാദം ഇതോടെ പൊളിഞ്ഞു. പുതുതായി കണ്ടെത്തിയ സ്വർണം കൂടി ഉൾപ്പെടെ കേസിൽ ഇതുവരെ വീണ്ടെടുത്തത് 202 പവൻ സ്വർണമാണ്. കവർച്ചയുടെ പ്രധാന ആസൂത്രകൻ ജയറാമാണെന്നാണ് അനൂപും അമോലും പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. കണക്കിൽപ്പെടാത്ത സ്വർണമായതിനാൽ നന്ദകുമാർ പരാതി നൽകില്ലെന്നായിരുന്നു പ്രതികളുടെ കണക്കുകൂട്ടൽ. എന്നാൽ ഈ ധാരണ തെറ്റിയതാണ് കേസിൽ നിർണായകമായത്.


