11 November, 2026 01:28:27 PM
ട്രൗസറിൽ മൂത്രമൊഴിച്ചതിന് കുട്ടിയെ മർദ്ദിച്ചെന്ന് പരാതി; അങ്കണവാടി ജീവനക്കാരിക്കെതിരെ ബാലാവകാശ കമീഷൻ കേസെടുത്തു

പാരിപ്പള്ളി: കൊല്ലത്ത് അങ്കണവാടിയിൽ വെച്ച് ട്രൗസറിൽ മൂത്രമൊഴിച്ചതിന് മൂന്നര വയസ്സുകാരനെ മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കുളമാടിലെ 98-ാം നമ്പർ അങ്കണവാടിയിലെ ജീവനക്കാരിക്കെതിരെയാണ് കേസെടുത്തത്. കുട്ടിയെ ക്രൂരമായി മർദ്ദിച്ചതെന്ന പരാതിയിലാണ് നടപടി സ്വീകരിച്ചത്. അങ്കണവാടിയിൽ വെച്ച് ട്രൗസറിൽ മൂത്രമൊഴിച്ചതിന് കുട്ടിയുടെ കൈയിൽ അടിക്കുകയും ചെവിയിൽ നുള്ളുകയും ചെയ്തെന്നാണ് കമ്മീഷന് ലഭിച്ച പരാതി.
സംഭവത്തിന് പിന്നാലെ കുട്ടി കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മാതാപിതാക്കൾ ആരോപിച്ചു. ബന്ധപ്പെട്ട ജീവനക്കാരിക്കെതിരെ മുൻപും സമാനമായ പരാതികൾ ഉയർന്നിട്ടുണ്ടെന്നും കുട്ടിയുടെ മാതാപിതാക്കൾ ആരോപിക്കുന്നു. കുകുട്ടിയുടെ പരിക്കുകളുടെ ചിത്രങ്ങൾ, ആശുപത്രി രേഖകൾ, ഡോക്ടറുടെ റിപ്പോർട്ട് എന്നിവയും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ടെന്ന് ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി.
സംഭവത്തിൽ കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി, പാരിപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫിസർ, ജില്ലാ ചൈൽഡ് ഡെവലപ്‌മെന്റ് ഓഫിസർ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ എന്നിവരോട് കമ്മീഷൻ വിശദീകരണം തേടിയിട്ടുണ്ട്.


