29 July, 2026 07:02:39 PM


കൽക്കരി കുംഭകോണക്കേസ്; മൻമോഹൻ സിങിന് ക്ലീൻ ചിറ്റ്; കേസ് സുപ്രീംകോടതി അവസാനിപ്പിച്ചു



ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെതിരായ കല്‍ക്കരി കുംഭകോണക്കേസ് അവസാനിപ്പിച്ച് സുപ്രീംകോടതി. സിബിഐയുടെ ക്ലീന്‍ ചിറ്റ് അടങ്ങിയ ക്ലോഷര്‍ റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് അവസാനിപ്പിച്ചത്. മരിച്ച് ഒന്നര വര്‍ഷത്തിനിപ്പുറമാണ് മന്‍മോഹന്‍ സിങിന് ക്ലീന്‍ ചിറ്റ് ലഭിച്ചിരിക്കുന്നത്.

സിബിഐയുടെ ക്ലോഷര്‍ റിപ്പോര്‍ട്ട് തള്ളിക്കളയാന്‍ തക്കതായ ശക്തമായ കാരണങ്ങളൊന്നുമില്ലെന്ന് കോടതി പറഞ്ഞു. കേസില്‍ വിശദമായ അന്വേഷണമാണ് സിബിഐ നടത്തിയത്. കേസുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത ക്ലോഷര്‍ റിപ്പോര്‍ട്ടുകളാണ് സിബിഐ സമര്‍പ്പിച്ചത്. ഇത് രണ്ടും വിശദമായി പരിശോധിച്ചു. ക്രിമിനല്‍ കേസ് നിലനില്‍ക്കില്ല എന്നാണ് രണ്ട് റിപ്പോര്‍ട്ടുകളിലും പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് അവസാനിപ്പിക്കുന്നതെന്നും സുപ്രീംകോടതി പറഞ്ഞു.

യുപിഎ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു കല്‍ക്കരി കുംഭകോണം. 2005ലായിരുന്നു സംഭവം നടക്കുന്നത്. ഒഡീഷയിലെ താലാബിറ ബ്ലോക്കില്‍ ഹിന്‍ഡാല്‍ക്കോയ്ക്ക് നിയമവിരുദ്ധമായി ഖനനത്തിനുള്ള അനുമതി നല്‍കിയെന്നായിരുന്നു കേസ്. കേസിലെ ആറാം പ്രതിയായിരുന്നു മന്‍മോഹന്‍ സിങ്. മുന്‍ കല്‍ക്കരി സെക്രട്ടറി പി സി പരേഖ്, വ്യവസായി കുമര മംഗംളം ബിര്‍ള എന്നിവരും കേസിലെ പ്രതികളായിരുന്നു. കേസില്‍ മന്‍മോഹന്‍ സിങ് അടക്കമുള്ള പ്രതികള്‍ വിചാരണ നേരിടണമെന്ന സിബിഐ കോടതിയുടെ 2015 ലെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. അന്ന് മുതല്‍ ആരംഭിച്ച നിയമപോരാട്ടത്തിനാണ് ഇന്ന് പരിസമാപ്തിയായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 301