06 September, 2026 04:42:31 PM
ചിറയിൻകീഴിലെ തമ്മിലടി; പാളയം പ്രദീപിനും സജാദിനും സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ചിറയിന്‍കീഴിലെ തമ്മിടിയില്‍ കെപിസിസി നടപടി. രമ്യ ഹരിദാസിൻ്റെ സഹായിയായ പാളയം പ്രദീപിനെയും കെപിസിസി ജനറല്‍ സെക്രട്ടറി സജാദിനെയും സസ്‌പെന്‍ഡ് ചെയ്തു. കെപിസിസി മുന്‍ പ്രസിഡന്റ് എം എം ഹസ്സന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയ ശേഷമാണ് നടപടി സ്വീകരിച്ചത്. ചിറയിന്‍കീഴിലെ സംഭവം പൊതുജനമധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.
ചിറയിന്‍കീഴിലെ സംഭവത്തില്‍ എം എം ഹസ്സന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി രമ്യ ഹരിദാസ് അടക്കമുള്ളവരുടെ മൊഴിയെടുത്തിരുന്നു. എം എം ഹസ്സനുമായി രമ്യ ഹരിദാസ് ഫോണിലൂടെ സംസാരിച്ചാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. പാളയം പ്രദീപ്, സജാദ്, പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലം അടക്കമുള്ളവരിൽ നിന്നും അന്വേഷണ സമിതി മൊഴിയെടുത്തിരുന്നു. ഇതിന് ശേഷമാണ് നടപടി സ്വീകരിച്ചത്. ചിറയിന്‍കീഴിലെ സംഭവത്തില്‍ കെപിസിസിക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. രണ്ട് വാദങ്ങള്‍ ഉയര്‍ന്നതോടെയായിരുന്നു അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ചത്.


