27 August, 2026 04:51:43 PM


എന്‍റെ മരണത്തിന് ഉത്തരവാദി എംവിഡി; മലപ്പുറത്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി



മലപ്പുറം: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ ജീവനൊടുക്കി. മലപ്പുറം കീഴ്ശേരി മുണ്ടപറമ്പ് സ്വദേശി ഷൗക്കത്താണ് മരിച്ചത്. ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് ഫേസ്ബുക്കിൽ അദ്ദേഹം വിശദമായ കുറിപ്പ് പങ്കുവെച്ചിരുന്നു. കൈക്കൂലി നൽകാത്തതിനെ തുടർന്ന് ഉപജീവനമാർഗമായ ഓട്ടോറിക്ഷയ്ക്ക് മാസങ്ങളോളം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിച്ചില്ലെന്നാണ് ഷൗക്കത്തിന്റെ ആരോപണം. തന്റെ മരണത്തിന് ഉത്തരവാദി കേരള മോട്ടോർ വാഹന വകുപ്പാണെന്നും കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കുന്നതിനായി പത്ത് മാസത്തോളം ഏജന്റുമാരുടെയും എംവിഡി ഓഫീസുകളുടെയും പിന്നാലെ നടന്നെങ്കിലും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട കൈക്കൂലി നൽകാത്തതിനാൽ അനുമതി ലഭിച്ചില്ലെന്നും ഷൗക്കത്ത് ആരോപിച്ചു. ഫിറ്റ്നസ് ലഭിക്കാത്തതോടെ ഓട്ടോ ഓടിക്കാൻ കഴിയാതെ വരുമാനം നിലച്ചു. ഇതോടെ വായ്പാ തിരിച്ചടവുകൾ മുടങ്ങുകയും കടുത്ത സാമ്പത്തിക ബാധ്യതയും മാനസിക സമ്മർദവും നേരിടേണ്ടിവന്നതായും കുറിപ്പിൽ പറയുന്നു.

കൈക്കൂലി കൊടുത്തില്ലെന്ന ഏക കാരണം കൊണ്ട് അവര്‍ ജീവിത മാര്‍ഗം തന്നെ തകര്‍ത്തു എന്നാണ് ആരോപണം. കഴിഞ്ഞ പത്ത് മാസമായി താന്‍ ഏജന്റ് ഓഫീസുകള്‍ കയറിയിറങ്ങിയെന്നും ഓട്ടോ ഡ്രൈവറുടെ കുറിപ്പില്‍ പറയുന്നുണ്ട്. ഇനി എന്‍റെ മുന്‍പില്‍ മറ്റു മാര്‍ഗങ്ങളില്ലെന്നും അടുത്ത ഇര നിങ്ങളാവരുത് എന്നാണെങ്കില്‍ മരണത്തിന് ശേഷമെങ്കിലും എനിക്ക് നീതി വാങ്ങി തരിക എന്നതാണ് ഒരു ഇന്ത്യന്‍ സിറ്റിസണ്‍ എന്ന നിലയില്‍ നിങ്ങള്‍ ഓരോരുത്തരും ചെയ്യേണ്ടതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. 

സിസ്റ്റത്തോടുള്ള പ്രതിഷേധം കൂടിയാണ് തന്റെ ജീവനൊടുക്കാനുള്ള തീരുമാനമെന്നും ഇയാള്‍ പറഞ്ഞു. ഓട്ടോയില്‍ സ്റ്റീല്‍ വര്‍ക്ക് ഉണ്ടെന്ന് കണ്ടെത്തിയെന്ന് പറഞ്ഞാണ് എംവിഡി ഫിറ്റ്‌നസ് നിഷേധിച്ചത്. ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രിയും, ഹൈക്കോടതിയും വിഷയത്തില്‍ ഇടപെടണമെന്നാണ് അവസാന ആഗ്രഹമെന്നും മരണ കുറിപ്പില്‍ പറയുന്നുണ്ട്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K