23 August, 2026 08:05:08 PM


മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല; പരി​ഗണനയിലെന്ന് മുഖ്യമന്ത്രി



എറണാകുളം: കേരളത്തിൽ പുതിയ ജില്ല രൂപീകരിക്കുന്നത് സംബന്ധിച്ച് നടപടികൾ ഉണ്ടായാൽ മൂവാറ്റുപുഴയെ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാനത്തെ ജില്ലാ പുനർവിഭജനത്തിനായി പ്രത്യേക കമ്മീഷൻ സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂവാറ്റുപുഴ നഗരസഭ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മലപ്പുറം, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ വലിയ ജില്ലകൾ വിഭജിച്ച് പുതിയ ജില്ലകൾ രൂപീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഈ നിർണായക പ്രതികരണം. മൂവാറ്റുപുഴക്കാരുടെ ദീർഘകാല ആവശ്യമായ പുതിയ ജില്ലാ പ്രഖ്യാപനം ഒരു ഓണസമ്മാനമായി നൽകണമെന്ന് ചടങ്ങിൽ മാത്യു കുഴൽനാടൻ എം.എൽ.എ ആവശ്യപ്പെട്ടിരുന്നു. ജില്ലാ വികസന ഫണ്ടുകളും മുൻഗണനകളും കൊച്ചി ഉൾപ്പെടെയുള്ള നഗരപ്രദേശങ്ങളിലേക്ക് കൂടുതലായി കേന്ദ്രീകരിക്കുന്നതിനാൽ മൂവാറ്റുപുഴ, കോതമംഗലം തുടങ്ങിയ പ്രദേശങ്ങൾ വികസനത്തിൽ പിന്നാക്കം പോകുന്നുവെന്ന പരാതിക്ക് പരിഹാരമായാണ് പുതിയ ജില്ലാ ആവശ്യവുമായി പ്രദേശവാസികൾ രംഗത്തുള്ളത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 307