27 August, 2026 10:25:50 AM
സുകുമാര കുറുപ്പ് ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; കേസ് അവസാനിപ്പിക്കാൻ അന്വേഷണസംഘം

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനായുള്ള അന്വേഷണം കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്. ഹൃദ്രോഗത്തെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരിക്കാമെന്ന് നിഗമനം. കേസ് ഫയല്‍ അവസാനിപ്പിക്കാന്‍ നീക്കം. അന്വേഷണസംഘം ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും. ഉന്നതതല ചർച്ചയ്ക്കു ശേഷം അന്വേഷണം അവസാനിപ്പിക്കും. നേരത്തെ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്‍റെ തിരോധനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് നഴ്‌സിൻ്റെ മൊഴിയെടുത്തിരുന്നു.
1984 ജനുവരി 22ന് പുലര്‍ച്ചെയാണ് താന്‍ മരിച്ചുവെന്ന് വരുത്താനായി, നിരപരാധിയായ ചാക്കോയെ ശ്വാസംമുട്ടിച്ച് കൊന്ന് കാറിലിട്ട് കത്തിച്ചു കൊന്നത്. സ്വന്തം പേരിലുള്ള ഇന്‍ഷുറന്‍സ് തട്ടിയെടുക്കാനായിരുന്നു കുറുപ്പിന്റെ കൃത്യം. ഇക്കാലത്തിനിടെ നടത്തിയ അന്വേഷണത്തില്‍, കേസിലെ മറ്റ് നാലു പ്രതികളും പിടിയിലായിട്ടും സുകുമാരക്കുറുപ്പ് എവിടെയെന്ന് കണ്ടെത്താന്‍ പോലും പൊലീസിന് കഴിഞ്ഞിരുന്നില്ല.
കൊൽക്കത്തയിൽ വെച്ച് സുകുമാര കുറുപ്പിനെ കണ്ടതായി പൊലീസിനെ അറിയിച്ച രത്‌നമ്മ എന്ന നഴ്‌സിൻ്റെ മൊഴി വീണ്ടും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. തെളിയിക്കപ്പെടാതെ കിടക്കുന്ന കേസുകളുടെ സ്‌പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായാണ് കുറുപ്പിൻ്റെ അന്വേഷണം. വർഷങ്ങളായി മരവിച്ച കേസാണ് ക്രൈംബ്രാഞ്ചിൽ പുനഃപരിശോധിച്ചത്. കേരള പൊലീസിന്റെ പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പിടികിട്ടാപുള്ളിയാണ് സുകുമാരക്കുറുപ്പ്.


