25 August, 2026 10:57:28 AM


വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍; പരിശോധന കര്‍ശനമാക്കും, ഓരോ മാറ്റത്തിനും 5000 രൂപ പിഴ



തിരുവനന്തപുരം: അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളില്‍ കണ്ടെത്തുന്ന ഓരോ മാറ്റത്തിനും പിഴ ഈടാക്കും. അനധികൃതമായി കൂട്ടിച്ചേര്‍ത്ത ഭാഗങ്ങള്‍ ഉടമകള്‍ തന്നെ നീക്കം ചെയ്യണം. ഇത് നീക്കിയ ശേഷം വാഹനം എംവിഡിക്ക് മുന്നില്‍ ഹാജരാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഗതാഗത കമ്മീഷണറാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

റീല്‍സുകള്‍ക്ക് വേണ്ടി രൂപമാറ്റം വരുത്തുന്ന വാഹനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും ഗതാഗത കമ്മീഷണറുടെ നിർദ്ദേശത്തിലുണ്ട്. മൂന്ന് മാസത്തിനിടെ സ്വീകരിച്ച നടപടികളുടെ വിവരങ്ങള്‍ ശേഖരിക്കും. റിപ്പോര്‍ട്ട് സെപ്റ്റംബര്‍ മൂന്നിനകം സമര്‍പ്പിക്കാന്‍ ആര്‍ടിഒമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗതാഗത കമ്മീഷണര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

വാഹന മോഡിഫിക്കേഷനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഒരു വാഹനത്തില്‍ നടത്തുന്ന അനധികൃത രൂപമാറ്റങ്ങളില്‍ ഓരോന്നിനും അയ്യായിരം രൂപ വീതം പിഴ ഈടാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. വിവിധ നിറത്തിലുള്ള എല്‍ഇഡി ഉള്‍പ്പെടെ തീവ്രപ്രകാശമുള്ള ലൈറ്റുകള്‍, റെഡ്-ബ്ലൂ സ്‌ട്രോബ് ലൈറ്റുകള്‍, അധികൃത സൈറണ്‍, വീല്‍ സ്‌പേസറുകള്‍ അടക്കം ഘടിപ്പിക്കുന്നതില്‍ നടപടി വേണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് അടൂരില്‍ വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയ ജീപ്പില്‍ ആറ് മോഡിഫിക്കേഷന്‍ ഉണ്ടായിട്ടും 5,000 രൂപ മാത്രമാണ് പിഴ ചുമത്തിയത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് എസ് മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 917