19 August, 2026 11:56:56 AM


മുഖ്യമന്ത്രിയുടെ പേരും ചിത്രവും മാറ്റി നല്‍കി; രണ്ട് പിആര്‍ഡി ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം



തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ സമ്പൂർണ എക്‌സിം പ്രവർത്തനങ്ങളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട പരസ്യത്തിലും, വാർത്താക്കുറിപ്പിലും ഉണ്ടായ പിഴവുകളിൽ നടപടി. സംഭവത്തിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.

സെക്രട്ടേറിയറ്റിലെ പി.ആർ.ഡി ഡയറക്ടറേറ്റിലെ റിലീസ് വിഭാഗം ഇൻഫർമേഷൻ ഓഫീസർ സാബു പി.ആർ, വെബ് ആൻഡ് ന്യൂ മീഡിയ വിഭാഗം ഇൻഫർമേഷൻ ഓഫീസർ പ്രതീഷ് ഡി. മണി എന്നിവർക്കെതിരെയാണ് നടപടി. പ്രതീഷിനെ ഡൽഹി കേരള ഹൗസിലെ ഇൻഫർമേഷൻ ഓഫീസറായും, സാബുവിനെ കൊല്ലം ജില്ലാ ഇൻഫർമേഷൻ ഓഫീസറായുമാണ് സ്ഥലം മാറ്റിയത്.

വിഴിഞ്ഞം പദ്ധതിയുടെ പുതിയ പോസ്റ്ററിന് പകരം കഴിഞ്ഞ സർക്കാരിന്റെ കാലത്തെ പഴയ പോസ്റ്റർ ഔദ്യോഗിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചതിനാണ് സാബുവിനെതിരെ നടപടിയെടുത്തത്. സ്വാതന്ത്ര്യദിന പരിപാടിയുടെ വിവരങ്ങളടങ്ങിയ ഔദ്യോഗിക വാർത്താക്കുറിപ്പിൽ മുഖ്യമന്ത്രിയുടെ പേരിൽ പിഴവ് വരുത്തിയതിനാണ് പ്രതീഷ് ഡി. മണിയെ സ്ഥലം മാറ്റിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 921