21 August, 2026 09:24:49 AM
കാട്ടാക്കട എംഎല്‍എയുടെ പേരില്‍ ചികിത്സാ സഹായ തട്ടിപ്പ്; മൂന്ന് പേര്‍ പിടിയില്‍

തിരുവനന്തപുരം: കാട്ടാക്കട എംഎല്‍എ എം ആര്‍ ബൈജുവിന്റെ പേരില്‍ പണപ്പിരിവ് നടത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍. കുടയത്തൂര്‍ സ്വദേശി രാജേഷ് (43), മണ്ണാംകോണം സ്വദേശി വിനീത് (38), എറണാകുളം സ്വദേശി സുരേഷ് (41) എന്നിവരെയാണ് കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്. എംഎല്‍എയുടെ പേഴ്‌സണല്‍ സ്റ്റാഫ് ആണെന്ന് പറഞ്ഞാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. വിദ്യാര്‍ഥി അപകടത്തില്‍പ്പെട്ടെന്നും അടിയന്തര ശസ്ത്രക്രിയയ്ക്കായി എംഎല്‍എ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ചികിത്സാ സഹായം സ്വരൂപിക്കുകയാണെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. എംഎല്‍എയുടെ പേര് ഉപയോഗിച്ച് ഒരു വ്യാപാരിയില്‍നിന്ന് 1,000 രൂപ പ്രതികള്‍ കൈക്കലാക്കിയിരുന്നു. തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതോടെ എംഎല്‍എ കാട്ടാക്കട പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് കാട്ടാക്കട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.


